ആ പാട്ടിനെ ഇങ്ങനെ കൊല്ലണമായിരുന്നോ? ചിന്മയിക്കെതിരെ ആരാധകർ
Mail This Article
ഗോവിന്ദ് വസന്തയുടെ മ്യൂസിക് മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന പാട്ടുകളാണ് തമിഴ്ചിത്രം 96ലേത്. ആദ്യ കേൾവിയിൽപ്പോലും വല്ലാത്തൊരു ആത്മബന്ധം തോന്നിപ്പോകുന്ന ആ പാട്ടുകൾ എത്രയാവർത്തി കേട്ടിട്ടുണ്ടാകുമെന്ന് ആരാധകർക്കു പോലും നിശ്ചയമില്ല. ഗായിക ചിന്മയിയുടെ ശബ്ദത്തിൽ ആ പാട്ടുകൾക്ക് വല്ലാത്തൊരു ഫീൽ ആണെന്ന് ആരാധകർ പറയും. പക്ഷെ, ചെന്നൈയിൽ വച്ചു നടന്ന ഒരു സംഗീതപരിപാടിയിൽ 96ലെ ഗാനങ്ങൾ ചിന്മയി അവതരിപ്പിച്ചത് ഒട്ടും നിലവാരം പുലർത്തിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ആരോപണം.
'മാടൈ തിറന്തത്' എന്ന സംഗീതപരിപാടിയിലാണ് ചിന്മയി 96ലെ പാട്ടുകൾ പാടിയത്. ചിത്രത്തിന്റെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും സദസിലുണ്ടായിരുന്നു. 'ഗോവിന്ദ് വസന്ത, ഇത് നിങ്ങൾക്കുള്ളതാണ്' എന്ന ആമുഖത്തോടെയാണ് ചിന്മയി 96ലെ ഗാനങ്ങൾ പാടിത്തുടങ്ങിയത്. ഈ പരിപാടിയുടെ വിഡിയോ യുട്യൂബിലെത്തിയപ്പോഴാണ് ആരാധകർ രോഷം പ്രകടിപ്പിച്ചത്. ഒറിജിനലിനെ നശിപ്പിക്കുന്ന രീതിയിലാണ് പാട്ടുകൾ അവതരിപ്പിച്ചതെന്ന് ആരാധകർ പറയുന്നു. 96ലെ പാട്ടിന്റെ ഏറ്റവും മോശം പതിപ്പായിരിക്കും ഈ വിഡിയോ എന്നും സംഗീതപ്രേമികൾ അഭിപ്രായപ്പെട്ടു.
അവതരണത്തെ വിമർശിച്ചെങ്കിലും ചിന്മയിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. സാധാരണ രീതിയിൽ വേദിയിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കാറുള്ള ഗായികയാണ് ചിന്മയി എന്നും ഈ പരിപാടിയിൽ അത് ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി. ചിന്മയിക്കൊപ്പം പാടിയ ഗായകനും മ്യൂസിക് ബാൻഡും മോശം പ്രകടനം കാഴ്ച വച്ചതാണ് പാട്ടിനെ ബാധിച്ചതെന്നാണ് അവരുടെ നിരീക്ഷണം.