ADVERTISEMENT

ദക്ഷിണേന്ത്യൻ സംഗീതലോകത്ത് ആറു പതിറ്റാണ്ടായി സ്വരമാധുരി പൊഴിക്കുന്ന പി. സുശീലയ്ക്ക്, മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക്, ഇന്ന് 84–ാം പിറന്നാള്‍. 1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്. ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് സുശീല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സാക്ഷ്യപ്പെടുത്തുന്നു. 

1960 ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് സുശീല ഗാനാലാപനരംഗത്ത് എത്തുന്നത്. ‘പെറ്റ്ര തായ്’ എന്ന ചിത്രത്തിലൂടെ പിന്നണി പാടിത്തുടങ്ങി. മികച്ച പിന്നണി ഗായികയ്ക്ക് തുടർച്ചയായി അഞ്ചു വർഷത്തെ ദേശീയ അവാർഡുകളാണ് ഈ മഹാഗായിക സ്വന്തമാക്കിയത്. ഗാന സരസ്വതി, ഗന്ധർവ ഗായകി, കന്നട കോകില എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് സംഗീത പ്രേമികൾ‍ പി. സുശീലയ്ക്കു നൽകിയിട്ടുള്ളത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് സുശീലാമ്മ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. 

സീത എന്ന ചിത്രത്തിലെ ‘പാട്ടുപാടിയുറക്കാം ഞാൻ’ ആണ് മലയാളത്തിലെ ആദ്യഗാനം. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി. അതിൽ 846 എണ്ണവും സിനിമാ ഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും. മലയാളത്തിൽ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയത്. ദേവരാജൻ മാസ്റ്റർ ആണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ തവണ ഉപയോഗപ്പെടുത്തിയത്. പൂന്തേനരുവീ.. (ഒരു പെണ്ണിന്റെ കഥ), പൂവുകൾക്കു പുണ്യകാലം (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2003–ൽ പുറത്തിറങ്ങിയ അമ്മക്കിളിക്കൂടിലെ ഹൃദയഗീതമായ് ആണ് അവസാനം പുറത്തിറങ്ങിയ മലയാള ഗാനം. 2008–ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 

വിവിധ ഭാഷകളിലായി അൻപതിനായിരത്തിലധികം പാട്ടുകൾ. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുപാടിയ ഗായിക എന്ന ലോക റെക്കോർഡ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ആദ്യം സ്വന്തമാക്കിയ ഗായിക. അമ്മപ്പാട്ടിന്റെ ഇൗണവും രാഗവും മലയാളി കേട്ടുതുടങ്ങിയത് സുശീലാമ്മയുടെ ശബദ്ത്തിലൂടെയാണ്. കാലമെത്ര കഴിഞ്ഞാലും ആ പാട്ടുകളുടെ മധുരം മലയാളികളെ വിട്ടുപോവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com