അയ്യപ്പഗാനങ്ങൾ സിനിമയിൽ
Mail This Article
1951ലെ ‘കേരള കേസരി’ സിനിമയിൽ തുമ്പമൺ പത്മനാഭൻകുട്ടി രചിച്ച് ജ്ഞാനമണി സംഗീതം ചെയ്ത് വൈക്കം വാസുദേവൻ പാടിയ ‘അയ്യപ്പാ അഖിലാണ്ഡ കോടിനിലയാ...’ ആണ് മലയാള ചലച്ചിത്രങ്ങളിലെ പ്രഥമ അയ്യപ്പ ഭക്തിഗാനം. 1953ൽ റിലീസ് ചെയ്ത ‘വേലക്കാരൻ’ എന്ന സിനിമയിൽ അഭയദേവിന്റെ വരികളിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പിറന്ന ‘പാഹിമാം ജഗദീശ്വരാ ശ്രീശബരിഗിരിനിലയാ...’ എന്ന രണ്ടാം അയ്യപ്പഭക്തിഗാനം പാടിയത് അതിലെ അഭിനേതാവ് കൂടിയായ അഗസ്റ്റിൻ ജോസഫാണ്. അതെ, യേശുദാസിന്റെ പിതാവ്. തന്റെ മകൻ പാടി പ്രസക്തവും പ്രശസ്തവുമാക്കാൻ പോകുന്ന ഒരു ശാഖയിലെ ആദ്യകാലഗാനത്തിനാണു താൻ ശബ്ദം നൽകുന്നതെന്ന് ആ പിതാവ് അന്ന് ഒട്ടുമേ നിനച്ചിരിക്കില്ല.
1961ലെ ശബരിമല അയ്യപ്പൻ (സംഗീതം– എസ്.എം. സുബ്ബയ്യ നായിഡു, രചന– അഭയദേവ്), 1970ലെ ശബരിമല ശ്രീധർമ്മ ശാസ്താ (സംഗീതം– ജയവിജയ, ദക്ഷിണാമൂർത്തി, രചന– വയലാർ) തുടങ്ങിയ സിനിമകളിലൊക്കെ അയ്യപ്പഭക്തിഗാനങ്ങൾ പിറന്നെങ്കിലും ആദ്യ ഹിറ്റ് ജനിച്ചത് 1972ലെ ചെമ്പരത്തി സിനിമയിൽ യേശുദാസിന്റെ ശബ്ദത്തിലാണ്. വയലാർ– ദേവരാജൻ ടീമിന്റെ ‘ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...’. മണ്ഡലകാലത്ത് നാട്ടിൻപുറങ്ങളിൽ ഉയർന്നിരുന്ന ശാസ്താംപാട്ടിന്റെ ശൈലിയിലാണ് ഈ ഗാനം ദേവരാജൻ ഈണമിട്ടത്. അദ്ദഹത്തിന്റെ അയൽക്കാരനായിരുന്ന വേലുക്കുട്ടിയുടെ വീട്ടിൽ
ശാസ്താംപാട്ട് പാടുമ്പോൾ വേലിക്കൽ പോയിനിന്ന് അതാസ്വദിക്കുന്ന ശീലം ദേവരാജന് ഉണ്ടായിരുന്നു. ‘ശരണമയ്യപ്പാ...’ പാട്ടിൽ ഉടുക്കു കൊട്ടിയിരിക്കുന്നത് ഈ വേലുക്കുട്ടിയാണ്.!
സിനിമയിലെ അയ്യപ്പഭക്തിഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് 1975ൽ മെറിലാൻഡ‍് പി. സുബ്രഹ്മണ്യം നിർമിച്ചു സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പൻ’ ആണ്. വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ രചനയ്ക്ക് ദേവരാജൻ സംഗീതം ചെയ്തു. 12 പാട്ട് ചിത്രത്തിലുണ്ടായിരുന്നു. മിക്കതും ഹിറ്റ്. യേശുദാസ്, പി. ജയചന്ദ്രൻ, പി. മാധുരി, അമ്പിളി, ശ്രീകാന്ത്, പി. ലീല തുടങ്ങി പാട്ടുകാരുടെ വലിയ നിര.
യേശുദാസിന്റെ ഏറ്റവും വലിയ ഹിറ്റായ അയ്യപ്പഗാനം ‘ഹരിവരാസനം’ ഇതിലാണ്. യേശുദാസ് പാടിയ ശബരിമലയിൽ തങ്ക സൂര്യോദയം..., മണ്ണിലും വിണ്ണിലും... അമ്പിളിയുടെ തേടിവരും കണ്ണുകളിൽ... പി. ജയചന്ദ്രന്റെ സ്വാമി ശരണം ശരണമെന്റയ്യപ്പാ... തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ ഈ സിനിമയുടെ സംഭാവനയാണ്.
ഈശ്വരാ ജഗദീശ്വരാ...– കണ്ണുകൾ –1979 (രവി വിലങ്ങൻ –ദക്ഷിണാമൂർത്തി), മകരസംക്രമ സൂര്യോദയം... –താരാട്ട് –1981 (ഭരണിക്കാവ് ശിവകുമാർ – രവീന്ദ്രൻ), സ്വാമിയേ ശരണമയ്യപ്പാ... –ജീവിതം–1984 (പൂവച്ചൽ ഖാദർ– ഗംഗൈ അമരൻ), അയ്യപ്പാ നിന്നടി, മണികണ്ഠ മഹിമകൾ...– ശബരിമലയിൽ തങ്ക സൂര്യോദയം–1992 (ശ്രീകുമാരൻ തമ്പി – എം.എസ്. വിശ്വനാഥൻ), ശബരിമലയൊരു പൂങ്കാവനം... – ശബരിമല ദർശനം –1984 (കൂർക്കഞ്ചേരി സുഗതൻ– ജെറി അമൽ ദേവ്) തുടങ്ങി ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങൾക്ക് സിനിമയിൽ യേശുദാസ് ശബ്ദവും ഹൃദയവും നൽകി. 1982ൽ ഇറങ്ങിയ ‘ശ്രീ അയ്യപ്പനും വാവരും’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ മികച്ച അയ്യപ്പഭക്തിഗാനങ്ങൾ ഒരുക്കിയത് മുസ്ലിംകളായ പൂവച്ചൽ ഖാദറും എ.ടി. ഉമ്മറും ചേർന്നാണ് എന്ന പ്രത്യേകതയുമുണ്ട്. അയ്യപ്പന് ജാതിയും മതവുമില്ല, സംഗീതത്തിനും.