വേദനകളെ അതിജീവിച്ച സ്ത്രീയുടെ കരുത്തിന്റെ കഥ പറയുന്ന ഗാനവുമായി ‘സ്റ്റാൻഡ് അപ്പ്’
Mail This Article
വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘കഥകൾ പറയേ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേർഷനാണ് റിലീസ് ചെയ്തത്. ഗാനത്തെ പറ്റി സംവിധായിക വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
‘ബിലു പദ്മിനി നാരായണൻ എഴുതി വർക്കി സംഗീതം നല്കി സയനോര പാടിയ സ്റ്റാന്റപ്പിലെ മറ്റൊരു ഗാനം. തോരാത്ത സങ്കടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ആളലുണ്ട് ഈ പാട്ടിലെ വരികൾക്ക്.. ഒപ്പം എല്ലാ വേദനകളെയും അതിജീവിച്ച് എഴുന്നു നില്ക്കുന്ന സ്ത്രീയുടെ ഉൾക്കരുത്തുമുണ്ട്’.
സയനോരയും അനുജത്തി ശ്രുതിയും ചേർന്ന് പാടിയ ഒരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാൻഡ് അപ്പ് കോമഡി പ്രമേയമാക്കിയുള്ള ആദ്യ ചിത്രമാണിത്.
ആന്റോ ജോസഫും, ബി.ഉണ്ണികൃഷ്ണനും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഉമേഷ് ഓമനക്കുട്ടനാണ്. ടോബിൻ തോമസ് ക്യാമറയും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. അർജുൻ അശോകൻ, വെങ്കിടേഷ്, ഐ.വി ജുനൈസ്, ദിവ്യ ഗോപിനാഥ്, സീമ തുടങ്ങിയവർ അഭിനയിക്കുന്ന സ്റ്റാൻഡ് അപ്പ് ഡിസംബർ 13 ന് തീയറ്ററുകളിൽ എത്തും.