സർപ്രൈസ് നിറച്ചൊരു പ്രണയഗാനവുമായി മഞ്ജരി
Mail This Article
സർപ്രൈസ് നിറച്ചൊരു ഗാനവുമായി മലയാളികളുടെ പ്രിയ ഗായിക മഞ്ജരി. ‘അറിയാത്തൊരു ഗാനം’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിഗ്സോ പസിൽ പൂരിപ്പിക്കുന്ന ഒരു കൈ ആണ് പോസ്റ്ററിൽ ഉള്ളത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നതെന്ന് ഗായിക മനോരമ ഓൺലൈനിനോടു പറഞ്ഞു.
മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെ: ‘വളരെ പെട്ടെന്നു ചെയ്ത ഒരു ഗാനമാണിത്. സംഗീതത്തോടുള്ള പ്രണയമാണ് എന്നെ ഈ ഗാനത്തിലേക്കു നയിച്ചത്. സംഗീതസംവിധാനം എനിക്കു വളരെ ഇഷ്ടമാണ്. എനിക്ക് സംഗീതത്തോടുള്ള ഇഷ്ടം ഈ ഗാനത്തിലൂടെ എല്ലാവർക്കും മനസ്സിലാകും. പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. ഈ പാട്ടിൽ ഒരു സർപ്രൈസ് ഉണ്ട്. അത് അറിയാൻ എല്ലാവരും കാത്തിരിക്കണം. പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജിഗ്സോ പസിൽ പൂരിപ്പിക്കുന്നതോടെ സർപ്രൈസ് പുറത്തു വരും’.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് മഞ്ജരി ഈണം പകർന്ന് പാടിയിരിക്കുകയാണ്. ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗാനം ഡിസംബർ14–ന് റിലീസ് ചെയ്യും. കൊച്ചിയിൽ വച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം. നടനും സംവിധായകനും നിര്‍മാതാവും ദേശീയ പുരസ്‌കാര ജേതാവുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിൽ മഞ്ജരി പാടി അഭിനയിച്ചിരിക്കുന്നു. ചില സിനിമാ താരങ്ങളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മുൻപ് മറ്റൊരു ഗാനത്തിനും മഞ്ജരി ഈണം പകർന്നിട്ടുണ്ട്.