ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ഈണങ്ങളുമായി ‘ശ്യാമരാഗം’
Mail This Article
സംഗീത ചക്രവർത്തി വി.ദക്ഷിണാമൂർത്തി സ്വാമി അവസാനമായി ഈണം പകർന്ന ചലച്ചിത്രമായ ‘ശ്യാമരാഗ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്വാമിയുടെ ഈണത്തിൽ കെ.ജെ.യേശുദാസും കെ.എസ്.ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ നാളുകളായി ശ്യാമരാഗത്തിലെ ഗാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു സംഗീതപ്രേമികൾ. സ്വാമിയുടെ അതിമനോഹരമായ ഈണത്തിൽ പിറന്ന ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.
2013–ൽ ശ്യാമരാഗത്തിനായി പാട്ടുകൾ ചിട്ടപ്പെടുത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ദക്ഷിണാമൂർത്തി അന്തരിച്ചത്. യേശുദാസിന്റെ കുടുംബത്തിലെ മൂന്ന് തലമുറ ഈ സിനിമയുടെ പാട്ടുകൾക്കായി ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. യേശുദാസ്, വിജയ് യേശുദാസ്, വിജയിയുടെ മകൾ അമേയ എന്നിവരും കെ.എസ്. ചിത്രയുമാണ് ശ്യാമരാഗത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗർ കൃഷ്ണഗാനസഭയിൽ നടന്ന ചടങ്ങിൽ യേശുദാസും ദക്ഷിണാമൂർത്തി സ്വാമിയുടെ ഭാര്യ കല്യാണിയമ്മാളും ചേർന്ന് ശ്യാമരാഗത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. ഒരു കീർത്തനവും ആറു ഗാനങ്ങളുമുള്ള ചിത്രത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ് എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾ നേരത്തെ റെക്കോർഡ് ചെയ്തുവെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത് പല കാരണങ്ങൾ കൊണ്ടു നീണ്ടു പോയി എന്ന് സംവിധായകൻ സേതു ഇയ്യാൽ പറഞ്ഞു.
വൈ.ജി.മഹേന്ദ്രൻ, ശാന്തി കൃഷ്ണ, ശാന്തകുമാരി, പുതുമുഖങ്ങളായ പ്രണവ്, പ്രസീത എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ധനഞ്ജയൻ–ശാന്താ ധനഞ്ജയൻ ദമ്പതിമാരാണ് നൃത്തസംവിധാനം. ഛായാഗ്രഹണം മധു മാടശേരി നിർവഹിച്ചിരിക്കുന്നു. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന സിനിമ ജനുവരി ആദ്യവാരം പ്രദർശനത്തിനെത്തും.