അവസാനമായി കുളിച്ചത് എപ്പോഴാണെന്ന് ഓർമയില്ലെന്ന് പോപ് ഗായിക ; അമ്പരന്ന് ആരാധകർ
Mail This Article
ലോകമെമ്പാടും ആരാധകരുള്ള പോപ് ഗായികയാണ് ലേഡി ഗാഗ. കഴിഞ്ഞ വർഷം ഗാഗയുടെ ‘ഷാലോ’ എന്ന ആൽബത്തിന് മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ തന്റെ ആറാമത്തെ ആൽബം പുറത്തിറക്കാനുള്ള തിരക്കിലാണ് ഗായിക. എൽജി6 എന്നു പേരിട്ടിരിക്കുന്ന ആൽബം അടുത്ത വർഷമാണ് പുറത്തിറങ്ങുക.
ഇതിനിടെ എൽജി ഒരുക്കുന്നതിനുള്ള തിരക്കിൽ പെട്ട് കുളിക്കാൻ പോലും താൻ മറന്നു പോയി എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ലേഡി ഗാഗ. അവസാനമായി കുളിച്ചത് എപ്പോഴാണെന്ന് തനിക്ക് ഓർമ ഇല്ലെന്ന് ഗായിക ട്വിറ്ററിൽ കുറിച്ചു. എപ്പോഴാണ് അവസാനമായി കുളിച്ചത് എന്ന് അസിസ്റ്റന്റിന്റെ ചോദ്യത്തിന് ഗാഗ നൽകിയ മറുപടി ആണിത്. തന്റെ പുതിയ ആൽബത്തെക്കുറിച്ച് ആരാധകരെ അറിയിക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടി എൽജി6 എന്ന ഹാഷ് ടാഗും ഉൾപ്പെടുത്തിയാണ് ഗാഗയുടെ ട്വീറ്റ്.
ഇതിനു മുൻപ് സമൂഹമാധ്യമത്തിൽ സംസ്കൃത ശ്ലോകം കുറിച്ചു കൊണ്ട് ഗാഗ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രമാണ് താരം ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ റിട്വീറ്റുകളുമായി ആരാധരും എത്തിയതോടെ ഗാഗയുടെ പോസ്റ്റ് വൈറലായി. യോഗ പഠിക്കാൻ പോയപ്പോഴാണ് ഗാഗയ്ക്ക് സംസ്കൃതം ഇഷ്ടപ്പെട്ടത്. ഇപ്പോൾ തന്റെ വ്യക്തിശുചിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ള ട്വീറ്റും വൈറലാവുകയാണ്.