അച്ഛന്റെ പാട്ട് പങ്കുവച്ച് സിത്താര; ഗായികയുടെ സംഗീതത്തിന്റെ രഹസ്യം പിടികിട്ടിയെന്ന് ആരാധകർ
Mail This Article
സമൂഹമാധ്യമത്തിൽ ഒട്ടേറെ ആരാധകരുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ. ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുള്ള ഗായിക വളരെയധികം സ്പെഷലായ വിഡിയോ ആണ് പുതുവത്സരദിനത്തിൽ ഷെയർ ചെയ്തത്. സിത്താരയുടെ അച്ഛൻ കൃഷ്ണകുമാർ പാട്ടു പാടുന്ന വിഡിയോ!
സംഗീതപരിപാടിക്കു ശേഷം നട്ടപ്പാതിരായ്ക്ക് വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയുമായി അൽപനേരം വർത്തമാനങ്ങളുമായി ചിലവഴിക്കാറുണ്ടെന്ന് സിത്താര പറയുന്നു. പുതുവർഷത്തിലെ ആദ്യരാത്രിയിലും പതിവു തെറ്റിയില്ല. വിശേഷങ്ങൾക്കൊപ്പം അച്ഛൻ കൃഷ്ണകുമാറിന്റെ പാട്ടും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. ആ മനോഹര നിമിഷം സിത്താര ക്യാമറയിലാക്കി. കൂട്ടുകുടുംബം എന്ന സിനിമയിൽ വയലാർ എഴുതി ജി.ദേവരാജൻ ഈണം പകർന്നു യേശുദാസ് ആലപിച്ച 'ഇന്ദ്രനീല യവനിക ഞൊറിഞ്ഞു' എന്ന ഗാനമാണ് സിത്താരയുടെ അച്ഛൻ പാടിയത്.
അച്ഛന്റെ പാട്ട് സിത്താരയുടെ ആരാധകർക്ക് കൗതുകമുണർത്തുന്ന കാഴ്ചയായി. മകളുടെ കഴിവ് പാരമ്പര്യമായി കിട്ടിയതു തന്നെ, എന്നായിരുന്നു അവരുടെ കമന്റ്. കുത്തിയത് മത്തൻ തന്നെ കുമ്പളമല്ല എന്നാണ് ഒരു ആരാധകന്റെ രസികൻ കമന്റ്. അച്ഛന്റേത് കിടിലൻ ശബ്ദമാണെന്നും പാട്ടിനെ സമീപിക്കുന്ന രീതി അതിമനോഹരമാണെന്നും ആരാധകർ പ്രതികരിച്ചു.