ശങ്കർ മഹാദേവന്റെ പാട്ടിന് കണ്ണു നിറഞ്ഞ് ലക്ഷ്മി അഗർവാൾ ; ചേർത്തു പിടിച്ച് ദീപിക പദുക്കോൺ
Mail This Article
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഛപാക്’ എന്ന ചിത്രം തിയറ്ററുകളിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിൽ ലക്ഷ്മി അഗർവാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വേദിയിൽ ശങ്കർ മഹാദേവൻ പാടുമ്പോൾ ലക്ഷ്മി കണ്ണീരടക്കാന്‍ പ്രയാസപ്പെടുന്നതും ഇതു ശ്രദ്ധിച്ച ദീപിക ലക്ഷ്മിയെ ചേർത്തു പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനോടകം നിരവധി പേരാണ് വിഡിയോ കണ്ടത്.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗർവാൾ ആസിഡ് ആക്രമണത്തിന് ഇരയായത്. ഇതേത്തുടർന്ന് നിരവധി ശസ്ത്രക്രിയകൾ നടത്തി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവർക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് ആക്രമണങ്ങളെയും ആസിഡ് വിൽപ്പനയെയും എതിര്‍ത്തു കൊണ്ട് പോരാടുന്ന ലക്ഷ്മി ‘സ്റ്റോപ്പ് സെയിൽ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
ജനുവരി പത്തിനാണ് ‘ഛപാക്’ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ലക്ഷ്മിയായിട്ടാണ് ദീപിക വേഷമിടുന്നത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ഇതാദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി മേഘ്നയും ദീപികയും ഒരുമിക്കുന്നത്. ചിത്രത്തിൽ മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നീതിക്കായുള്ള പോരാട്ടവും ആത്മവിശ്വാസം വീണ്ടെടുക്കലുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.