എനർജിയുടെ ‘തലൈവർ ലെവൽ’: സൂപ്പർ ഹിറ്റായി രജനിയുടെ ‘ചുമ്മ കിഴി’ വിഡിയോ
Mail This Article
രജനികാന്തിനെ നായകനാക്കി എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാർ’ ചിത്രത്തിലെ പ്രമോ വിഡിയോ ഗാനം പുറത്തിറങ്ങി. ആരാധകരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട ‘ചുമ്മ കിഴി’ എന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജനികാന്തിന്റെ തകർപ്പൻ ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്. ‘ഇത് മാസല്ല മരണമാസ്’ ആണ് എന്നാണ് ആരാധകരുടെ കമന്റുകൾ. പാട്ടിന്റെ ലിറിക്കൽ വിഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു.
രജനികാന്തിന്റെ നൃത്തം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. പ്രായം കോട്ടം തട്ടിക്കാത്ത രീതിയിൽ സൂപ്പർസ്റ്റാർ ഗാനരംഗത്തിൽ ആടിത്തകർക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് സൂപ്പർ താരം ഇത്ര മനോഹരമായ ചുവടുകളുമായി ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യവും അനിരുദ്ധും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിവേക് ആണ് പാട്ടിനു വരികളൊരുക്കിയത്.
രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക1992–ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 167–ാം ചിത്രമാണ് ദർബാർ. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്. ജനുവരി 9–ന് ദർബാർ തിയറ്ററുകളിലെത്തും.