എന്റെ മതം സംഗീതമാണ്, ജീവിതവും: എം.ജയചന്ദ്രൻ
Mail This Article
തന്റെ മതം സംഗീതമാണെന്ന് ഗായകനും സംഗീതസംവിധായകനുമായ എം.ജയചന്ദ്രൻ. ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കണമെന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിന്റെ വേദിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. സാഹിത്യോത്സവത്തിൽ പാട്ടിന്റെ പാലാഴി എന്ന പ്രത്യേക സെഷനിലാണ് എം.ജയചന്ദ്രൻ തന്റെ സംഗീത ജീവിതം പങ്കുവച്ചത്.
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഈണങ്ങൾ സമ്മാനിച്ച ജയചന്ദ്രൻ ഇതിനോടകം നൂറ്റി അമ്പതോളം ചിത്രങ്ങളിലായി അറുന്നൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹം 25 വർഷങ്ങൾ പിന്നിടുകയാണ്. തന്റെ സിനിമാ ജീവിതം ആരംഭിച്ചത് കോഴിക്കോട് ആണെന്നും ഒരിക്കലും മറക്കാനാകാത്ത സ്നേഹമാണ് ആ നാടും നാട്ടുകാരും തനിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ചലച്ചിത്ര സംഗീത മേഖലയിലേക്കു കൈപിടിച്ചുയർത്തിയ ഗിരീഷ് പുത്തഞ്ചേരി എന്ന അവിസ്മരണീയ പ്രതിഭയെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കുവച്ചു. നമ്മെ പാട്ടിലാക്കാന്‍ സാധിക്കാത്ത ഒന്നും പാട്ടല്ല എന്നും സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും പറഞ്ഞ ജയചന്ദ്രന്‍, തന്നെ സംബന്ധിച്ചിടത്തോളം സംഗീതം തന്റെ ജീവിതമാണെന്നും സംഗീതമാണ് തന്റെ മതം എന്നും കൂട്ടിച്ചേർത്തു.