ചൂളമടിച്ച് ഒരു സംഗീത വിഡിയൊ; റിപ്പബ്ലിക് ദിനത്തിൽ റിലീസ്
Mail This Article
കൊച്ചി∙ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ ഒരുമിപ്പിച്ച് ഒരു ചൂളമടി സംഗീത വിഡിയോ. ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷന്റെ 15ാം വാർഷികത്തോട് അനുബന്ധിച്ചാണ് 18 നഗരങ്ങളിൽ നിന്നുള്ളവരെ ഒരുമിപ്പിക്കുന്ന വിഡിയോ പുറത്തിറക്കുന്നത്. വ്യത്യസ്ഥ ഭാഷകളിലും പ്രായങ്ങളിലുമുള്ളവർ; അവർ ഒരിക്കലും പരസ്പരം നേരിട്ടു കണ്ടിട്ടില്ലെങ്കിലും വിഡിയോയ്ക്കായി ഒരുമിക്കുന്നത് വ്യത്യസ്ഥമായ ആനന്ദമാണ് സമ്മാനിക്കുന്നത്. മൈൽ സുർ മേരാ തുമാരാ(എംഎസ്എംടി 20202) എന്ന പേരിൽ റിപ്പബ്ലിക് ദിനത്തിൽ വിഡിയോ യുട്യൂബിലെ ഇന്ത്യൻവിസ്‍േലഴ്സ് എന്ന ചാനലിൽ റിലീസ് ചെയ്യും.
13 വയസ് മുതൽ 71 വയസ് വരെയുള്ള 50 പേരാണ് ആൽബത്തിൽ ചൂടമടിച്ച് സംഗീതം ആലപിക്കുന്നത്. ഇവരിൽ എട്ടുപേർ മലയാളികളാണ്. ചൂളമടി സംഘത്തിന്റെ സ്ഥാപകൻ റിഗ്വേദ ദേശ്പാണ്ടെ തന്നെയാണ് ആൽബത്തിന്റെ ഡയറക്ടർ. സംഘത്തിലെ നാലു പേരുടെ മൂന്നു മാസത്തെ പ്രയത്നത്തിനൊടുവിലാണ് ആൽബം തയാറായിരിക്കുന്നത്. ജയദേവഗസ്ത്യ കലൂരിക ആശ്രമം, എൻ പറവൂർ എന്നിവരാണ് ആൽബത്തിനായി കളരിപ്പയറ്റ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
2004ലാണ് റിഗ്വേദ ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ചൂളമടി സംഘടന ആരംഭിക്കുന്നത്. ചൂളമടി വെറുമൊരു നേരമ്പോക്കല്ല, പകരം ചൂളമടി സംഗീതം ഒരു പ്രദർശന കലയാളെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ സംഘടന രൂപീകരിച്ച് 15 വർഷം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൃത്യമായി ചൂളമടിച്ചതിനുള്ള ലിംക ബുക്സ് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ് ആൻഡ് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് അംഗീകാരങ്ങൾ നേടിയെടുത്തു. 150 പേരാണ് അന്ന് മൽസരത്തിൽ പങ്കെടുത്തത്. 1000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചൂളമടി സംഗീതമാണ് അടുത്ത റെക്കോർഡിനായി സംഘടന ലക്ഷ്യമിടുന്നത്.