ഞാൻ ഇപ്പോൾ ഇന്ത്യൻ പൗരൻ, പത്മശ്രീ ലഭിക്കാൻ അർഹതയുണ്ട്: അദ്നാൻ സമി
Mail This Article
പത്മശ്രീ പുരസ്കാരം ലഭിച്ചതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി ഗായകൻ അദ്നാൻ സമി രംഗത്ത്. പാക്ക് വംശജനും 2016 മുതൽ ഇന്ത്യൻ പൗരനുമായ അദ്നാൻ സമിക്ക് പത്മശ്രീ നൽകിയതിനെ കഴിഞ്ഞ ദിവസം എൻസിപി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് സമി പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായ രാഷ്ട്രീയ താത്പര്യങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കുകയാണെന്നും താൻ രാഷ്ട്രീയ പ്രവർത്തകനെല്ലെന്നും സംഗീതജ്ഞൻ മാത്രമാണെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർക്ക് വ്യക്തമായ അജൻഡകളുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി തന്റെ പേര് ഉപയോഗിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
‘എന്റെ പിതാവ് പാക്ക് നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം രാജ്യത്തിനു വേണ്ടി തന്റെ കടമ നിർവഹിച്ചു. അതിന് അദ്ദേഹത്തിന് അംഗീകാരവും ലഭിച്ചു. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എനിക്കതിൽ നിന്ന് വ്യക്തിപരമായ ലാഭമോ അംഗീകാരമോ ഇല്ല. അതുപോലെ എനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളിൽ നിന്ന് അദ്ദേഹത്തിനും അംഗീകാരങ്ങൾ ലഭിക്കുന്നില്ല. ഞാൻ ഇപ്പോൾ ഇന്ത്യൻ പൗരനാണ്. ഈ പുരസ്കാരം ലഭിക്കാൻ നിയമപരമായ എല്ലാ അർഹതയും എനിക്കുണ്ട്. അതിൽ പാകിസ്താൻ ഘടകങ്ങൾ പരാമർശിക്കുന്നത് തികച്ചും രസകരമായ കാര്യങ്ങളായി തോന്നുന്നു.
വ്യക്തിപരവും പ്രവൃത്തിപരവുമായ വിമർശനങ്ങളെ നേരിടാൻ ഞാൻ തയ്യാറാണ്. എന്നാൽ ഇത്തരം രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും ഞാൻ സുഹൃത്തുക്കളായി കാണുന്നു. ഞാൻ ഒരു ഗായകനാണ്. എന്റെ സ്നേഹം പങ്കുവച്ചത് സംഗീതത്തിലൂടെയാണ്’– സമി പറഞ്ഞു.
അദ്നാൻ സമിക്ക് പത്മശ്രീ നൽകിയതിനെ കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം എൻസിപി വിമർശിച്ചത്. 130 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതാണിതെന്നും പൗരത്വ ഭേദഗതി നിയമം, പൗര റജിസ്റ്റർ, ജനസംഖ്യ റജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾ നേരിടുന്ന കേന്ദ്ര സർക്കാരിനു ക്ഷീണം മറയ്ക്കാനുള്ള നീക്കമാണിതെന്നും എൻസിപി ആരോപിച്ചു. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്മശ്രീ പട്ടികയിൽ മഹാരാഷ്ട്രയാണ് അദ്നാൻ സമിയുടെ സ്വദേശമായി ചേർത്തിരിക്കുന്നത്. സമിക്ക് പത്മശ്രീ നൽകിയതിനെ കോൺഗ്രസും മഹാരാഷ്ട്ര നവനിർമാൺ സേനയും എതിർത്തിരുന്നു.