അതിന്റെ അർഥം നിനക്കറിയില്ലേ? അപൂർവ വാക്കിന്റെ അർഥം റിമിയെ പഠിപ്പിച്ച് സയനോര
Mail This Article
സംഗീതപ്രേമികൾക്കിടയിൽ വലിയ തരംഗമായി മാറിയ കണ്ണൂർ പാട്ടിലെ ബേങ്കി ബേങ്കി വാക്കിന്റെ അർഥം റിമിയെ പഠിപ്പിച്ച് സയനോര. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടി ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയതായിരുന്നു ഗായിക. സയനോരയെക്കൂടാതെ ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി സിനിമയുടെ സംവിധായകൻ ആനന്ദ് മേനോനും നായകൻ നീരജ് മാധവും നായിക പുണ്യ എലിസബത്തും എത്തിയിരുന്നു.
കണ്ണൂർ പാട്ട് പാടിക്കൊണ്ട് വേദിയിലേക്കെത്തിയ സയനോരയോട് ആ പാട്ടിനെക്കുറിച്ചും അത് പ്രശസ്തമായതിനെക്കുറിച്ചും റിമി സംസാരിച്ചു. പാട്ടിന്റെ വരികളുടെ അർഥം എന്താണെന്ന് അറിയില്ലേ എന്ന് നീരജ് റിമിയോടു ചോദിക്കുകയും തനിക്ക് അറിയില്ല എന്നു റിമി മറുപടി പറയുകയും ചെയ്തു. സയനോര അതിന്റെ അർഥം വിവരിച്ചുകൊടുത്തു.
സയനോരയുടെ വാക്കുകൾ ഇങ്ങനെ: ‘ബേംകി എന്ന വാക്കിന് വേഗം ഇറങ്ങൂ എന്നും ബൂം എന്നു പറഞ്ഞാൽ വീഴും എന്നുമാണ് അർഥം. കണ്ണൂരിലെ ബസ് സ്റ്റാൻഡുകളിൽ പോയാൽ പതിവായി കേൾക്കുന്ന വാക്കാണിത്. ബസിൽ നിന്ന് യാത്രക്കാരെ ഇറക്കുമ്പോൾ വേഗം ഇറങ്ങൂ വേഗം ഇറങ്ങൂ എന്ന് ബസുകാർ സ്പീഡിൽ പറയും. ആ വാക്കാണ് പാട്ടിലുള്ളത്. ഈ പാട്ട് കേൾക്കുമ്പോൾ കണ്ണൂരുകാർക്ക് ദേശീയ ഗാനം പോലെയാണ് തോന്നുന്നത്’.
ബേംകി എന്ന വാക്കിന് ഇത്തരമൊരു അർഥമുണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും അത് ഇംഗ്ലിഷ് വാക്ക് ആണെന്നാണ് വിചാരിച്ചതെന്നും റിമി പറഞ്ഞു. കോട്ടയം ഭാഷയിൽ ഈ പാട്ട് പാടിയാൽ എങ്ങനെയുണ്ടാകും എന്ന് സയനോര തമാശ രൂപത്തിൽ റിമിയോടു ചോദിച്ചു. തനി പാലാ ഭാഷയിൽ റിമി അത് പാടുകയും ചെയ്തതോടെ വേദിയിൽ ചിരിയോ ചിരി.