'അതു പിന്നെ ആർക്കായാലും കടിക്കാൻ തോന്നും'; ഗോവിന്ദ് വസന്തയുടെ ചിത്രത്തിന് ആരാധകരുടെ കമന്റ്
Mail This Article
വിജയ് സേതുപതിയുടെയും ഗോവിന്ദ് വസന്തയുടെയും കൂടിക്കാഴ്ച ആഘോഷമാക്കി സമൂഹമാധ്യമലോകം. ഗോവിന്ദ് വസന്തയുടെ കവിളിൽ കടിക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് ആരാധകർക്കിടയിലെ ചർച്ച. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇരുവരും തോളിൽ കയ്യിട്ട് ചേർന്നു നിൽക്കുന്നതിന്റെ സെൽഫിയും ഗോവിന്ദ് വസന്ത പോസ്റ്റു ചെയ്തിട്ടുണ്ട്. ‘ലവ് ഹർട്സ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. മണിക്കൂറുകൾക്കകം തന്നെ വൈറലായ ചിത്രങ്ങൾക്കു രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
'അതു പിന്നെ ആർക്കായാലും കടിക്കാൻ തോന്നും' എന്നാണ് ഒരു ആരാധകന്റെ കമന്റ്. അത്രയ്ക്കും സ്നേഹം തോന്നുന്ന പാട്ടുകളാണ് ഗോവിന്ദ് വസന്തയുടെ സംഗീതസംവിധാനത്തിൽ പിറന്നത് എന്നു സൂചിപ്പിച്ചുകൊണ്ടാണ് ആരാധകരുടെ പ്രതികരണം.
വിജയ് സേതുപതി നായകനായി 2018–ൽ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്ത ആയിരുന്നു. വിജയ് സേതുപതിയും തൃഷയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു.
തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീതബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധിക്കപ്പെട്ടത്. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന്റെ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോള്‍.