ADVERTISEMENT

ഓര്‍മകളാണ് ഓരോ പാട്ടുകളും. വലിയ പ്രത്യേകതകളോ കാരണങ്ങളോ ഇല്ലാതെ വെറുതെ അവയങ്ങനെ മനസ്സില്‍ വന്നു കയറിക്കൊണ്ടേയിരിക്കും. അതാകട്ടെ മിക്കതും മനസ്സിനൊരു വിങ്ങല്‍ സമ്മാനിച്ചാകും കടന്നുപോകുന്നതും. ഇനിയൊരിക്കലും ആ കാലമോ മനുഷ്യരോ തിരികെ വരില്ലെന്നോര്‍ക്കുമ്പോള്‍ അപൂര്‍ണമായ ആ ജീവിതങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണ് അറിയാതെ നിറയും. അതുകൊണ്ടാണ് പാട്ടുകള്‍ നമ്മിലേക്ക് അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നതും.  ഗായകന്‍ ജി.വേണുഗോപാലിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കപ്പെട്ട ഗായിക ഷാന്‍ ജോണ്‍സണിന്റെ ഗാനവും അതുപോലൊരു പോറലാണ് മനസ്സിന് സമ്മാനിക്കുക. ഷാന്‍ ചിട്ടപ്പെടുത്തിയ അവസാന ഗാനം.

 

‘ഇളം വെയില്‍ കൊണ്ടു നാം’ എന്ന ആ പാട്ടിന്റെ റെക്കോഡിങ്ങിനായി തിരുവനന്തപുരത്തേക്ക് വരാനിരുന്ന ഷാനിന്റെ യാത്ര പൂര്‍ത്തിയായില്ല. ജോണ്‍സണ്‍ മാഷിന്റെ അനേകം ഗാനങ്ങള്‍ പാടിയ ഗായകന്‍ അദ്ദേഹത്തിന്റെ മകളുടെ സംഗീതത്തില്‍ പാടാനാകുന്നതിന്റെ സന്തോഷത്തിലുമായിരുന്നു. അതും എന്നന്നേക്കുമുള്ള സങ്കടമായി മാറി. പക്ഷേ പാട്ട് പിന്നീട് പുറത്തിറങ്ങി. എങ്കിലും  ആ ഓര്‍മ്മകള്‍ മറയില്ലല്ലോ. അതിനു കാലം ചെല്ലും തോറും സൂക്ഷമതയേറും അവയെ ചേര്‍ത്തുനിര്‍ത്താന്‍ മനസ് വെമ്പും. അതുകൊണ്ട് അത് ഒന്നുകൂടി കേള്‍വിക്കാരിലേക്കെത്തി. അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച പാട്ടിലെ പെണ്‍ സ്വരം ഷാന്‍ തന്നെയാണ്. ഒപ്പം പാടിയിരിക്കുന്നത് ജോണ്‍സണ്‍ മാസ്റ്ററുടെ സഹോദരന്‍ ജോര്‍ജ്ജും. ഷാന്‍ കാലത്തിനൊപ്പം തീര്‍ത്തും അപ്രതീക്ഷിതമായൊരു നേരത്ത് പോയെങ്കിലും അവര്‍ ഏറെ കൊതിച്ച സംഗീതലോകത്തെ ചിലരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുവെന്നും പ്രേക്ഷകര്‍ ആ സ്വരം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും പറയുന്നു ഈ പാട്ട്.

 

ചെന്നൈയില്‍ വച്ചായിരുന്നു സുജാത പാടിയ ഭാഗം റെക്കോഡ് ചെയ്തത്. അമ്മക്കും വിവാഹം കഴിക്കാന്‍ പോകുന്ന ആളിനുമൊപ്പം എപ്പോഴും മുഖത്തുള്ള ചിരിയോടെ പ്രസരിപ്പോടെ എത്തിയ ഷാനിനെ സുജാത ഓര്‍ക്കുന്നു. ആ പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞ് പിറ്റേന്നത്തെ ദിവസവും കഴിഞ്ഞപ്പോഴാണ് ഷാനിന് എന്തോ സംഭവിച്ചുവെന്നും അവള്‍ പോയി എന്നും അറിഞ്ഞത്. ഇന്നും ഒരു ഷോക്ക് ആണ് ആ ദിവസം. അതേക്കുറിച്ച് പറയാന്‍ തന്നെ മനസ്സ് അനുവദിക്കുന്നില്ല. വിവാഹത്തെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു അന്ന്. സാരിയുടെ കളറിനെ കുറിച്ചും മറ്റുമൊക്കെ പറഞ്ഞാണ് മടങ്ങിയത്. ഷാന്‍ തന്നെയാണ് റെക്കോഡിങ് ചെയ്തതും. അതു കാണാന്‍ അമ്മയെ കൂടി കൊണ്ടുവന്നതാണ്, റാണി ചേച്ചിയെ. സുജാത ഓര്‍ക്കുന്നു.

 

ജോണ്‍സണ്‍ മാസ്റ്ററിനു ഏറെ പ്രിയപ്പെട്ട ഗായകനായിരുന്നു ജി.വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനങ്ങള്‍ക്കു സ്വരമായവരിലൊരാള്‍, ഹൃദയം കൊണ്ട് അദ്ദേഹം ചേര്‍ത്തുനിര്‍ത്തിയവരിലൊരാള്‍. ജ്യേഷ്ഠതുല്യനായ, ഗുരുസ്ഥാനീയനായ ആ പ്രതിഭയുടെ അകാലമരണവും അതിനേക്കാള്‍ ദുംഖിപ്പിച്ച മകളുടെ വിയോഗവും മനസ്സിനുള്ളിലിപ്പോഴും ഒരു വിങ്ങലായി നില്‍ക്കുന്നതു കൊണ്ടുതന്നെയാണ് ആ പാട്ട് വീണ്ടും സ്വന്തം പരിശ്രമത്തിലൂടെ അദ്ദേഹം പുറത്തിറക്കിയത്. 

 

‘ഞാന്‍ ആദ്യമായി ജോണ്‍സണ്‍ മാസ്റ്ററിനെ കാണുമ്പോള്‍ സംഗീത രംഗത്തെ ഏറ്റവും തിരക്കുള്ള വ്യക്തിയായിട്ടായിരുന്നു. ആഢ്യത്തത്തോടെ ഒരുപാട് ആളുകള്‍ക്ക് നടുവില്‍ ഗിത്താറുമായി ഇരിക്കുന്ന ജോണ്‍സേട്ടന്‍. വലിച്ചുതീര്‍ത്ത സിഗരറ്റ് കുറ്റികള്‍ക്കു മുന്‍പിലുള്ള ആ ഇരുപ്പു മറക്കില്ല. അതേ ആളിനെ അദ്ദേഹത്തിന്‌റെ അവസാന നാളുകളില്‍ അതേ സിഗരറ്റ് കുറ്റികള്‍ക്കൊപ്പമാണ് കണ്ടത്. പക്ഷേ ആളും ആരവവും ഇല്ലായിരുന്നു എന്നു മാത്രം. അതാണ് സിനിമാ ലോകം. അവിടെ നന്ദി എന്നതിനു പ്രസക്തിയില്ല. ജോണ്‍സണ്‍ ചേട്ടന്‍ കടന്നുപോയതിനു ശേഷമാണ് മകള്‍ സംഗീത രംഗത്തേക്കു വരുന്നത്. 

അച്ഛന്റെയും സഹോദരന്റെയും മരണം സമ്മാനിച്ച ദുംഖം ഉള്ളിലൊതുക്കുമ്പോഴും അച്ഛന്റെ സംഗീതത്തിനൊപ്പം നടന്നും അവ വേദികളില്‍ പാടിയും അച്ഛന്റെ സംഗീത പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ പാട്ടുകള്‍ പാടിയും അതിനേക്കാള്‍ ആവേശത്തോടെ പുതിയ ഈണങ്ങള്‍ക്കായി പരിശ്രമിച്ചും അമ്മയെ കരുതലോടെ ചേര്‍ത്തു നിര്‍ത്തിയും വളരെ പോസിറ്റീവ് ആയി മുന്നോട്ടു പോയ ഷാന്‍ എനിക്ക് വലിയ സന്തോഷമാണ് തന്നത്. എനിക്കേറെ പ്രിയപ്പെട്ടയാളുടെ മകള്‍ ദു:ഖങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുന്നത് കാണുമ്പോള്‍ വലിയ സമാധാനവും സന്തോഷവുമായിരുന്നു. 

 

പെട്ടെന്നൊരു ദിവസം തീരാവേദന നല്‍കിയാണ് അവള്‍ പോയത്. സുജാതയ്‌ക്കൊപ്പം ഞാന്‍ പാടേണ്ട ഡ്യുയറ്റിന്റെ റെക്കോഡിങ്ങിന് അമ്മയ്ക്കും താൻ വിവാഹം ചെയ്യാൻ പോകുന്ന ആളുടെയും ഒപ്പം എത്തുമെന്നുമാണ് ഷാന്‍ പറഞ്ഞിരുന്നത്. ആ വിരുന്നിനുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു മരണം അറിഞ്ഞത്. മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്നു മനസ്സിലാക്കിയ നിമിഷം. അവിശ്വസനീയമാണ് ഇന്നും. അതിന്റെ അംശം ഇന്നും മനസ്സിലുള്ളതുകൊണ്ടാണ് ഷാനിന്റെ പാട്ട് പിന്നെയും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പണ്ട് ജോണ്‍സണ്‍ മാസ്റ്ററിന്റെ വീട്ടില്‍ ഞാൻ കുടുംബത്തോടൊപ്പം കുറേ തവണ പോയിട്ടുണ്ട്. എന്റെ മകനെയും മടിയിലിരുത്തി ഊഞ്ഞാലാടുന്ന ഷാന്‍ ആണ് ഇപ്പോഴും മനസ്സിലുള്ളത്’. അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com