‘മൂർച്ചയുള്ള വാക്കുകൾ, വേറിട്ട ആലാപനം’; മൃദുല വാര്യരുടെ ‘ത്രാണ’ ഏറ്റെടുത്ത് ആരാധകർ
Mail This Article
വനിതാദിനത്തോടനുബന്ധിച്ച് മൃദുല വാര്യർ പുറത്തിറക്കിയ ‘ത്രാണ’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ചാണ് പാട്ടൊരുക്കിയിരിക്കുന്നത്. മൃദുല തന്നെ സംഗീതം പകർന്ന് ആലപിച്ച ഗാനത്തിനു വരികളൊരുക്കിയത് സന്തോഷ് വർമയാണ്.
ആലാപനശൈലിയിലും ആവിഷ്കാര മികവിലും മുന്നിട്ടു നിൽക്കുന്ന ഗാനത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. മൂർച്ചയേറിയ വാക്കുകൾ തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണമെന്നും മൃദുലയുടെ ആലാപനം തികച്ചും വ്യത്യസ്തത പുലർത്തുന്നു എന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
കഥകളി കലാരൂപത്തിലൂടെയാണ് ആശയം ആവിഷ്കരിച്ചിരിക്കുന്നത്. അജീഷ് ബാബു, ആഷിക് വി, കലാമണ്ഡലം അരവിന്ദ്, സദനം വിവേക് എന്നീ കഥകളി കലാകാരന്മാരും സാൻഡ് ആർട്ടിസ്റ്റ് നൗഫലും പാട്ടിന്റെ ഭാഗമായി.
ശ്യാമിലിൻ ജേക്കബ് ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ജോബിൻ കയനാട് അതിമനോഹരമായി ചിത്രീകരിച്ച ഗാനത്തിന്റെ എഡിറ്റിങ് ജിബിൻ ജോയ് നിർവഹിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്.