കോവിഡ് 19 ബോധവൽക്കരണത്തിനായി പാട്ടൊരുക്കി ഗായിക; പങ്കുവച്ച് പ്രധാനമന്ത്രി
Mail This Article
ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രത്യേക പാട്ടൊരുക്കി ഗായിക മാലിനി അവസ്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗായികയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജനതാ കർഫ്യു വിജയിപ്പിക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്നത് ചെയ്തു എന്നും പ്രത്യേക ഗാനത്തിലൂടെ മാലിനി ആളുകളെ പ്രചോദിപ്പിക്കുകയാണെന്നും പാട്ടു പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാലിനിയുടെ പാട്ട് മണിക്കൂറുകൾക്കകം വൈറലായി. കോവിഡ് 19–ന്റെ ആഘാതം വളരെ വലുതാണെന്നും എന്നാൽ നാം അതിനെ പരാജയപ്പെടുത്തണമെന്നും എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടരണമെന്നും മാലിനി പാട്ടിലൂടെ പറഞ്ഞു വയ്ക്കുന്നു. കോവിഡ് 19 നെ അകറ്റി നിർത്താനായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഗായിക പാട്ടിലൂടെ ബോധവത്ക്കരണം നടത്തുന്നു.
ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായ മാലിനിയുടെ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ ബോധവത്ക്കരണവുമായി രംഗത്തു വന്നിട്ടുണ്ട്.