ബാത്ത്ടബിൽ കിടന്ന് കോവിഡിനെതിരെ ജാഗ്രതാ സന്ദേശം; മഡോണയുടെ നടപടി വിവാദത്തിൽ
Mail This Article
കോവിഡ് 19 എല്ലാവരെയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് പോപ് താരം മഡോണ. വൈറസിന് മുഖം നോട്ടമില്ലെന്നും പതിനായിരക്കണക്കിന് ജീവനുകളെടുത്ത കോവിഡ് വിവേചനങ്ങൾ ഇല്ലാതാക്കുന്നുവെന്നും ഗായിക അവകാശപ്പെട്ടു. ദു:ഖഭാവത്തോടെയാണ് ലോകത്തെ നടുക്കിയ മഹാമാരിയെക്കുറിച്ച് ഗായിക സംസാരിക്കുന്നത്.
റോസാപ്പൂവ് ഇതളുകൾ വിതറിയ ബാത്ത് ടബ്ബിൽ ഇരുന്നുകൊണ്ടാണ് മഡോണ വൈറസ് ബാധയെക്കുറിച്ച് അവബോധം പകർന്നത്. ബാത്ത് ടബ്ബിനു ചുറ്റും മെഴുകുതിരികൾ വച്ചിരിക്കുന്നതും കാണാം. ഗായികയുടെ സംസാരത്തിനൊപ്പം പശ്ചാത്തലത്തില്‍ പിയാനോ ശബ്ദവും കേൾക്കാം. ‘കോവിഡ് 19–ന് വിവേചനങ്ങളില്ല’ എന്ന അടിക്കുറിപ്പോടെയാണ് മഡോണ വിഡിയോ പങ്കുവച്ചത്.
മഡോണയുടെ വാക്കുകൾ: ‘നിങ്ങൾ എത്രത്തോളം സമ്പന്നരാണെന്നോ പ്രശസ്തരാണെന്നോ ഉള്ള കാര്യം കോവിഡ് ശ്രദ്ധിക്കുന്നില്ല. നിങ്ങൾ തമാശ പറയുന്ന ആളായിരിക്കാം സമർഥനായിരിക്കാം വളരെ മികച്ച കഥകൾ പറയാൻ കഴിവുള്ളവരായിരിക്കാം. പക്ഷേ ഇതിനെക്കുറിച്ചൊന്നും വൈറസ് ആലോചിക്കുന്നില്ല. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നോ നിങ്ങൾക്ക് എത്ര പ്രായം ഉണ്ടെന്നോ ഒന്നും അത് ശ്രദ്ധിക്കുന്നില്ല. കോവിഡ് 19 എല്ലാവരെയും തുല്യരാക്കുന്നു.
കോവിഡിന്റെ ഭീതി നമ്മെയെല്ലാവരെയും പല തലങ്ങളിൽ തുല്യരാക്കിയിരിക്കുകയാണ്. അത് വളരെ അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മളെല്ലാവരും ഒരേ വഞ്ചിയിലെ യാത്രക്കാരാണ്. ആ വഞ്ചി മുങ്ങുകയാണെങ്കിൽ നാം എല്ലാവരും ഒരുമിച്ച് ആഴങ്ങളിലേക്കു പോകും’.
അതേ സമയം ബാത്ത് ടബ്ബിൽ ഇരുന്ന് മഡോണ സന്ദേശം പങ്കുവച്ചതിൽ വിമർശനവുമായി നിരവധി പേർ രംഗത്തു വന്നു. ഒരു സന്ദേശം നൽകുമ്പോൾ ശരിയായ ഇടം കണ്ടെത്തണമെന്നും പ്രൗഢി കാണിക്കാൻ വേണ്ടി ഇത്തരമൊരു സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും കുറിച്ചു കൊണ്ട് പലരും ഗായികയെ നിശിതമായി വിമർശിച്ചു.
സാധാരണക്കാർ റോസാപ്പൂവിതളുകള്‍ ഉള്ള ബാത്ത് ടബ്ബിൽ അല്ല കുളിക്കുന്നതെന്നും ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാത്തവരുണ്ടെന്നും ആഢംബര ജീവിതം നയിക്കുന്ന മഡോണ സാധാരണക്കാരുടെ ജീവിതാവസ്ഥ മനസിലാക്കാതെയാണ് തുല്യതയെക്കുറിച്ചു സംസാരിക്കുന്നതെന്നും നിരവധി പേർ വിമർശിച്ചു. വിമർശനങ്ങളെ തുടർന്ന് മഡോണ പിന്നീട് വിഡിയോ പിൻവലിച്ചു