ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം തുറന്നു പറഞ്ഞ് സിദ്ധാർത്ഥ് മേനോൻ
Mail This Article
ഭാര്യ തൻവി പാലവിന്റെ ഡാൻസ് വിഡിയോ പങ്കുവച്ച് ഗായകനും അഭിനേതാവുമായ സിദ്ധാർഥ് മേനോൻ. സ്വയം സമ്പർക്ക വിലക്കിൽ കഴിയുന്നതിനിടയിലാണ് ഗായകൻ ഭാര്യയുടെ ചുവടുകളെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. മറാഠി നടിയും നർത്തകിയുമാണ് തൻവി. താൻ തൻവിയെ ഏറെ ബഹുമാനിക്കുന്നുവെന്നും ഭാര്യ എന്നതിലുപരി കലാകാരി എന്നു വിളിക്കാനാണ് താത്പര്യപ്പെടുന്നതെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു.
സിദ്ധാർഥ് മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
‘വാട്ട് എ ഡാൻസർ! ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അവളെ ബഹുമാനിക്കുന്നു. ഭാര്യ എന്നതിലുപരി അവളെ ഒരു കലാകാരി എന്നു വിളിക്കാനാണ് എനിക്കിഷ്ടം. സത്യസന്ധയായ യഥാർഥ കലാകാരി. അവളെ ജീവിതപങ്കാളിയായി കിട്ടിയതാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം.
ജീവിതയാത്രയിൽ എന്നോടൊപ്പം നിന്ന് എന്നെ അനുഗ്രഹിക്കുന്ന ദൈവത്തിനു ഞാൻ നന്ദി പറയുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാണ് ഞാൻ എന്ന് എന്റെ സുഹൃത്തുക്കളോടു എപ്പോഴും പറയുമായിരുന്നു. അത് സത്യമാണെന്ന് ഇപ്പോൾ ഞാൻ പൂർണമായി വിശ്വസിക്കുന്നു’.
രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആരാധകർക്കിടയിൽ വലിയ ചർച്ചയായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. തൻവിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേർ കമന്റുകളിട്ടു.
സിദ്ധാർഥ് പാടുന്നതിനൊപ്പം തൻവി ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു. ‘ഞങ്ങളുടേത് സാധാരണ പ്രണയമല്ല’ എന്ന അടിക്കുറിപ്പോടെ പ്രണയദിനത്തോടനുബന്ധിച്ചായിരുന്നു വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.
ഈ അടുത്ത കാലത്താണ് സിദ്ധാർഥും തൻവിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണെന്നും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം ആണിതെന്നും കുറിച്ചുകൊണ്ട് സിദ്ധാർഥ് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.
തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീത ബാൻഡിലൂടെ ആരാധകർക്ക് സുപരിചിതനായ സിദ്ധാർഥ്, ‘നോർത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് ചുവടുവച്ചത്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും എത്തി. പിന്നീടിങ്ങോട്ട് പത്തോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.