ADVERTISEMENT

കോട്ടയം പായിപ്പാട് അതിഥി തൊഴിലാ‌ളികൾ പ്രതിഷേധിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ‘പായിപ്പാട്ടാറ്റിൽ വള്ളം ക‌ളി’ എന്ന പാട്ടിൽ പ്രതിപാദിച്ചിരിക്കുന്ന പായിപ്പാട് ഇതല്ല എന്നും അതേക്കുറിച്ച് ചോദിക്കാൻ നിരവധിയാളുകൾ തന്നെ വിളിച്ചുവ‌‌െന്നും ശ്രീകുമാരൻ തമ്പി ഫെ‌യ്സ്ബുക്കിൽ കുറിച്ചു. രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 

 

ശ്രീകുമാരൻ തമ്പിയു‌‌ടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘പായിപ്പാട്ടാറ്റില്‍ വള്ളംകളി പമ്പാനദി തിരയ്‌ക്ക് ആര്‍പ്പുവിളി’ എന്ന എന്റെ ഗാനം (രവീന്ദ്രന്റെ ഈണത്തിൽ യേശുദാസ് പാടിയത്) കേട്ടവരിൽ ചിലർ ഇതര സംസ്‌ഥാന തൊഴിലാളികൾ പായിപ്പാട് നടത്തിയ തെറ്റായ, നിയമവിരുദ്ധമായ, നീക്കത്തെ പറ്റി എന്നോട് വിശദാംശങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ആ ഗാനത്തിൽ പറയുന്ന പായിപ്പാട് ഈ പായിപ്പാട് അല്ല. അത് ഹരിപ്പാടിനോട് ചേർന്നു കിടക്കുന്ന മനോഹരമായ നദീതീരം ഉൾപ്പെടുന്ന ഒരു ഭൂപ്രദേശം ആണ്. ''എന്റെ 'പായിപ്പാട്' ഇങ്ങനെ അല്ല''.

 

കൊറോണ എന്ന മഹാമാരിയ്ക്ക് എതിരെ പ്രതിരോധം തീർക്കാൻ നമ്മുടെ കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഈ സമയത്തു അതിനു എതിരായ ഒരു നീക്കം ആരുനടത്തിയാലും അത് ക്ഷമിക്കാവുന്നതല്ല. ഒരു സുപ്രഭാതത്തിൽ നടന്ന രഹസ്യനീക്കത്തിലൂടെ ആയിരക്കണക്കിന് 'അതിഥി സംസ്ഥാന തൊഴിലാളികൾ' എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾ ഒരുമിച്ചു ചേർന്ന് പായിപ്പാട്ടെ പൊതു നിരത്തിൽ ഇറങ്ങി ബഹളം ഉണ്ടാക്കിയതിന് പിന്നിൽ ഒരു ഗൂഢനീക്കം നടന്നിട്ടുണ്ടന്നതു തീർച്ചയാണ്. പോലീസും ഭരണകൂടവും അത് കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ മുഴുവൻ ലോക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് മാത്രം നാട്ടിൽ പോകാൻ യാത്രാ സൗകര്യം വേണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നത് എന്തു വിഡ്ഢിത്തമാണ്. ഇവർക്ക് ജോലി കൊടുക്കുന്നവർക്കും ഇവരെ നിയന്ത്രിക്കാൻ ഉത്തരവാദിത്വം ഉണ്ട്.

 

സ്വന്തം നാട്ടിൽ കിട്ടുന്ന വേതനത്തിന്റെ ഇരട്ടി കേരളത്തിൽ കിട്ടുന്നത് കൊണ്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ പണി എടുക്കാൻ വരുന്നത്. അല്ലാതെ നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനോ നമ്മളെ ഉദ്ധരിക്കാനോ അല്ല. മലയാളി യുവാക്കൾ ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടിക്കുന്നത് കൊണ്ടു കൂടിയാണ് അവർക്കു ഇവിടെ ഇഷ്ടം പോലെ തൊഴിൽ കിട്ടുന്നത്. മലയാളികൾ ഗൾഫിൽ പോകുന്നതും അതു പോലെ ജോലി ചെയ്തു കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയാണ്. നമ്മൾ ഒരിക്കലും ഒരു ഗൾഫ് രാജ്യത്തു ഇങ്ങനെ ഒരു പ്രശ്നം സൃഷ്ടിക്കാറില്ല. ഏതൊരു രാജ്യത്തെയും നിയമം പാലിക്കാൻ എല്ലാവരും ഒരേ പോലെ ബാധ്യസ്ഥരാണ്’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com