ലോക്ഡൗൺ കാലം വരികളിലേക്കു പകർത്തി ഹരി പി.നായർ; കവിത ശ്രദ്ധേയം
Mail This Article
ലോക്ഡൗൺ ദിനങ്ങളിൽ കവിതയെഴുതി പങ്കുവച്ച് തിരക്കഥാകൃത്ത് ഹരി പി.നായർ. ‘ഗൃഹാതുരത്വം’ എന്നു പേരിട്ടിരിക്കുന്ന കവിത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘ആതുരകാലത്തെ ഗൃഹവാസം പുതിയ തിരിച്ചറിവുകളേകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഹരി കവിത പോസ്റ്റ് ചെയ്തത്.
‘വീട്ടിൽ വിരുന്നകാരെത്തുന്നതേയില്ല
നാട്ടിൽ നടപ്പാതയിൽ പോലുമാളില്ല
പൂട്ടിയ വാതിൽ തുറന്നിടാറായില്ല
കൂട്ടമായാരും പുറത്തിറങ്ങാറില്ല’
ലോക്ഡൗൺ കാലത്ത് നിശ്ചലമായ നാടിന്റെ ചിത്രങ്ങളും കോവിഡിനെ പ്രതിരോധിക്കാൻ നടത്തുന്ന തീവ്രശ്രമങ്ങളുമെല്ലാം കവിതയുടെ ദൃശ്യാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൻ ജി.നാഥ് വരികൾക്കു സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണു കവിതയ്ക്കു ലഭിക്കുന്നത്.
അർഥവത്തായ വരികൾ ഏറെ ചിന്തിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിച്ച് വീടുകളിൽ സുരക്ഷിതരായി കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വരികളിൽ പറഞ്ഞു വയ്ക്കുന്നു. കോവിഡിനെ തുരത്താൻ രാപകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥമായ സേവനത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.