ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ ഭർത്താവ് ശ്രീകാന്തിനും മകൻ മാധവിനുമൊപ്പം കഴിയുകയാണ് ഗായിക സംഗീത. തിരക്കുകൾക്കിടയിൽ സ്വകാര്യജീവിതത്തിനു വേണ്ടി സമയം മാറ്റിവയ്ക്കാൻ കിട്ടിയ അവസരമായി സംഗീത ഈ ദിനങ്ങളെ കാണുന്നു. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തും വിനോദങ്ങളിൽ ഏർപ്പെട്ടും ഓരോ ദിവസവും പ്രയോജനപ്പെടുത്തുകയാണ് സംഗീത. ലോക്ഡൗൺ ദിനങ്ങളും ഗായികയ്ക്ക് സംഗീതസാന്ദ്രമാണ്. പാട്ട് പരിശീലനത്തിനായി കൂടുതൽ സമയം മാറ്റി വയ്ക്കുന്നതോടൊപ്പം നൃത്തവും വയലിനും അഭ്യസിക്കുന്നുമുണ്ട്. ലോക്ഡൗൺ കാലത്തെ വിശേഷങ്ങളുമായി സംഗീത ശ്രീകാന്ത് മനോരമ ഓൺലൈനിനൊപ്പം. 

 

‘ലോക്ഡൗൺ ദിനങ്ങളെ വളരെ പോസിറ്റീവ് ആയി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തിരക്കുകൾ കാരണം മാറ്റിവച്ച പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ സാധിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നു. അപ്രതീക്ഷിതമായി ഇങ്ങനെയൊരു സമയം വീണുകിട്ടിയപ്പോൾ എന്താണു ചെയ്യേണ്ടതെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. അൽപം ആശങ്കയും തോന്നിയിരുന്നു. പിന്നീട് മനസ്സ് അതുമായി പൊരുത്തപ്പെട്ടു. ഈ ദിനങ്ങളും സംഗീതസാന്ദ്രമാണ്. പാട്ട് പരിശീലനത്തിനു ധാരാളം സമയം ലഭിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ രാത്രിയിലും പ്രാക്ടീസ് ചെയ്യും. ഭർത്താവും മകനും പരിപൂർണ പിന്തുണയുമായി ഒപ്പമുണ്ട്. 

 

ജിമ്മുകളൊക്കെ പൂട്ടിയെങ്കിലും ഞാനും ഭർത്താവും വീട്ടിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. ഒഴിവു വേളകൾ ആനന്ദകരമാക്കാൻ ഞാനും മകനും കൂടി ടിക്ടോക് വിഡിയോകൾ ചെയ്യുന്നു. അവൻ ഇപ്പോൾ എന്നെ വയലിൻ പഠിപ്പിക്കുന്നുണ്ട്. അവൻ വയലിൻ സംഗീതം അഭ്യസിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. എങ്കിലും ഇപ്പോൾ എനിക്ക് പാഠങ്ങൾ പറഞ്ഞു തരുന്നുണ്ട്. ക്ലാസ് ഇല്ലാത്തതിനാൽ മകൻ ഇപ്പോൾ എല്ലാ ദിവസവും വയലിൻ പ്രാക്ടീസ് ചെയ്യുന്നു. ഞാൻ ന‍ൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും സംഗീത പരിപാടികളുടെ തിരക്കുകൾക്കിടയിൽ പലപ്പോഴും ക്ലാസുകൾ മുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ, പഠിച്ച കാര്യങ്ങൾ വീണ്ടും ചെയ്തു നോക്കുകയാണ്. 

 

പാചകത്തിൽ താത്പര്യമുണ്ടെങ്കിലും അതിൽ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുവരെ സമയം ലഭിച്ചിരുന്നില്ല. പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന വിഭവങ്ങൾ മാത്രമേ പാകം ചെയ്തിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഞാൻ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നു. അങ്ങനെ ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ ഇപ്പോൾ ധാരാളം സമയമുണ്ട്. ശ്രീകാന്തേട്ടൻ വായനയ്ക്കു വേണ്ടിയാണ് കൂടുതൽ സമയം മാറ്റി വയ്ക്കുന്നത്. തിരക്കുകൾ കാരണം വായന മുടങ്ങിയിരുന്നു. ഇപ്പോള്‍ ആ പ്രശ്നവും തീർന്നു. ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദിവസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വെറുതെയിരുന്ന് വിരസമാകാതെ എപ്പോഴും ക്രിയേറ്റീവ് ആയി ഓരോ കാര്യങ്ങൾ ചെയ്യുകയാണ്. 

 

എപ്പോഴും തിരക്കിലായതിനാൽ വ്യക്തിപരമായ ജീവിതത്തിനു വേണ്ടി പലപ്പോഴും സമയം മാറ്റി വയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മനസ്സ് വളരെ ശാന്തവും സ്വസ്ഥവുമായതിനാൽ ഒരുപാട് ചിന്തിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സാധിക്കുന്നു. സംഗീതത്തിൽ തന്നെ കൂടുതൽ വളർച്ചയുണ്ടാകുന്നുണ്ട്. എങ്കിലും ഈ പ്രതിസന്ധികളെയൊക്കെ നാം അതിജീവിച്ചു കഴിയുമ്പോഴും ഞങ്ങൾ കലാകാരന്മാർക്ക് പഴയതു പോലൊരു ജീവിതം തിരികെ കിട്ടണമെങ്കിൽ അതിന് ഒരുപാട് സമയമെടുക്കും. അതോർക്കുമ്പോൾ ആശങ്ക തോന്നുന്നു’. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com