ഇതു പാടിയത് ശ്രേയയുടെ അപ്പ; മകൾക്കായി പാടിയ പാട്ട് പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണൻ
Mail This Article
മകൾക്കു വേണ്ടി പാട്ടു പാടി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. മകൾ ശ്രേയയെ മടിയിലിരുത്തി ‘താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം’ എന്ന ഗാനമാണ് ഹരീഷ് പാടുന്നത്. ഇടയ്ക്ക് മകളോടുള്ള സ്നേഹപ്രകടനങ്ങളും കാണാം. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മകൾക്ക് സ്നേഹചുംബനം നൽകിയാണ് ഗായകൻ വിഡിയോ അവസാനിപ്പിക്കുന്നത്.
‘ശ്രേയയുടെ അപ്പ, അവൾക്കു വേണ്ടി പാടിയത്. ‘താമര കണ്ണനുറങ്ങേണം... കൈതപ്രത്തിന്റെ മനോഹരമായ വരികൾക്ക് എസ് പി വെങ്കടേഷിന്റെ മെലഡിയും ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദവും’ എന്ന അടിക്കുറിപ്പോടെയാണ് ഗായകൻ വിഡിയോ പോസറ്റു ചെയ്തത്.
വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അച്ഛന്റെ സ്നേഹവും വാത്സല്യവും ഈ പാട്ടിൽ തെളിയുന്നു എന്നും അപ്പയും മകളും വളരെ ക്യൂട്ട് ആണെന്നും ആരാധകർ കുറിച്ചു. ഹരീഷിന്റെ ആലാപനം ഹൃദയത്തിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. 1993-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വാത്സല്യത്തിലെ ഗാനമാണിത്. റിലീസ് ചെയ്തു ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്.