ചികിത്സ ഫലിച്ചു; രോഗമുക്തി നേടി കനിക കപൂർ
Mail This Article
കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക കനിക കപൂർ രോഗവിമുക്തയായി. പൂർണമായും സുഖം പ്രാപിച്ചതോടെ ഗായിക ആശുപത്രി വിട്ടു. ഇനി രണ്ടാഴ്ചയോളെ ഹോം ക്വാറന്റീനിലായിരിക്കും. ആറാം തവണത്തെ പരിശോധനയിലാണ് കനികയ്ക്ക് കോവിഡ് ഫലം ഫലം നെഗറ്റീവ് ആയത്.
കഴിഞ്ഞ അഞ്ചു തവണയും പോസിറ്റീവ് ഫലം വന്നത് കുടുംബാംഗങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയിൽ കഴിഞ്ഞത്. മാർച്ച് 20–നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്.
വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. വിദേശയാത്രയ്ക്കു ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിന് കനികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരത്തരവാദപരമായ പെരുമാറ്റമാണെന്നു വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു.