കൊട്ടിക്കയറുന്നു, അടുക്കളയിൽ
Mail This Article
ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും കഴുകാനാകാതെ എന്റെ കോവിഡ് കാലം. നീണ്ട യാത്രകളുടെ കാലമാണിത്. സിംഗപ്പൂരിൽ നിന്ന് അമേരിക്കയിലേക്കും അവിടെനിന്നു ലണ്ടനിലേക്കും പോകേണ്ട സമയം. ഞാൻ കഴിഞ്ഞ മാസം ആദ്യം തന്നെ മുംബൈയിലെ വീട്ടിലെത്തി. യാത്രകൾ എല്ലാം നേരത്തേ വേണ്ടെന്നുവച്ചിരുന്നു. വീട്ടിൽ കുടുംബത്തോടൊപ്പം കൂടാനാണു തീരുമാനിച്ചത്. എന്നാൽ മുംബൈയിൽതന്നെ താമസിക്കുന്ന ഭാര്യാ സഹോദരിയുടെ വീട്ടിലേക്കു പോകേണ്ടിവന്നു. അപ്പോഴാണ് ലോക്‌ഡൗൺ വന്നത്.
എന്റെ ഭാര്യ റൂണ റിസ്‌വിയുടെ അച്ഛൻ രാജ്കുമാർ റിസ്‌വി പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ്. ഞാൻ പാട്ടു പഠിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തെയും റൂണയെയും കണ്ടുമുട്ടിയ ശേഷമാണ്. റിസ്‌വി പാട്ടു പഠിച്ചത് അച്ഛനിൽ നിന്നാണ്. റിസ്‌വിയുടെ വീട്ടുകാരുടെ ആചാരമനുസരിച്ചു മകളുടെ ഭർത്താവു വീട്ടിലെത്തിയാൽ അതിഥിയെപ്പോലെ പരിചരിക്കണമെന്നാണ്. സംഗീതവുമായി ബന്ധമുള്ളവരാണെങ്കിൽ പറയുകയും വേണ്ട. അവരുടെ രീതി പ്രകാരം അതിഥിയെ ഭക്ഷണം കഴിച്ച പാത്രം കഴുകിവയ്ക്കാൻ സമ്മതിക്കില്ല. ഞാനാണെങ്കിൽ ഇക്കാലമത്രയും എവിടെയാണെങ്കിലും അതു ചെയ്യാറുണ്ട്. സുഹൃത്തുക്കളുടെ വീട്ടിൽപ്പോലും അതു ചെയ്യും. കുട്ടിക്കാലം മുതലുള്ള ശീലമാണ്. ഇവിടെ അത് അനുവദിക്കാത്തതു വല്ലാത്ത പ്രയാസമാണ്.
എന്റെ താള, വാദ്യ സംഗീത ഉപകരണങ്ങൾ ഒന്നും എടുക്കാനായില്ല. അതുകൊണ്ടുതന്നെ ഇവിടെ കിട്ടിയ പാത്രങ്ങളിലാണു ഞാൻ എന്നും കൊട്ടുന്നത്. ചില ദിവസം ഭക്ഷണം പാകം ചെയ്യും. കുട്ടികളോടൊപ്പം കളിക്കും. അടുക്കളയിൽ ഞാൻ കൊട്ടിക്കൊണ്ടാണു ഭക്ഷണമുണ്ടാക്കുന്നത്. അതൊരു രസമാണ്. ഇത്രയും കാലം പരിപാടികളും കൊട്ടും ഇല്ലാതെ ഞാൻ ജീവിച്ചിട്ടില്ല. എത്രയോ കാലമായി ഞാൻ യാത്ര ചെയ്യുന്നു. മിക്ക ദിവസവും യാത്രതന്നെയാണ്. എനിക്ക് ഇവിടെ വീട്ടിനകത്തിരിക്കുന്നതിൽ സങ്കടമില്ല. വീട്ടുകാരോടും കുടുംബത്തോടുമൊപ്പം കഴിയാനുള്ള സമയമാണിത്. അവരും നമ്മളും മാത്രമുള്ള ലോകം. അവിടെയും എനിക്കു സന്തോഷത്തോടെ കൊട്ടാനാകുന്നുണ്ട്. കുട്ടികളോടൊപ്പം ഡാൻസ് ചെയ്യാനാകുന്നുണ്ട്. ഓരോ വാർത്തയും എന്നെ േവദനിപ്പിക്കുന്നുവെന്നു മാത്രം.