ADVERTISEMENT

ചുറ്റിലും സങ്കടവാർത്തകൾ നിറയുന്ന മഹാമാരിക്കാലത്താണു വലിയ സങ്കടമായി അർജുനൻ മാഷിന്റെ വിയോഗം. ചലച്ചിത്ര സംഗീതത്തിൽ എന്നെ ഞാനാക്കിയ പാട്ടുകൾ ഒരുക്കിത്തന്ന ദക്ഷിണാമൂർത്തി സ്വാമിക്കും ദേവരാജൻ മാഷിനും ബാബുരാജിനുമൊപ്പം അർജുനൻ മാഷും കൂടി ഓർമ്മയാവുന്നു. 

എന്നെക്കാൾ നാലു വയസ് മാത്രം മൂത്തതാണെങ്കിലും എന്നും ഗുരു സ്ഥാനീയനായിരുന്നു അദ്ദേഹം. അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടിലൂടെയാണ് എന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്യപ്പെടുന്നത്; ഒരു ടേപ്പ് റെക്കോർഡറിൽ. ഫോർട്ട് കൊച്ചിയിൽ ഞങ്ങളുടെ വീടിന് അടുത്തു തന്നെ താമസിച്ചിരുന്ന ഡോ.വത്സലന്റെ വീട്ടിൽ വച്ചായിരുന്നു പാട്ട് പഠിത്തവും റെക്കോർഡിങ്ങും. 

 

ടേപ്പ് റെക്കോർഡറുകളൊക്കെ അപൂർമമായിരുന്ന ആ കാലത്ത് ഇംഗ്ലണ്ടിൽ പഠിക്കാൻ പോയി വന്ന ഡോ.വത്സലൻ ഒരു റെക്കോർഡർ കൊണ്ടു വന്നിരുന്നു. അർജുനൻ മാഷ് അന്നു നാടക സമിതികൾക്കായി ഗാനങ്ങളൊക്കെ ഒരുക്കുന്നുണ്ട്. ഞാൻ സംഗീത കോളജിൽ ചേർന്ന സമയമായിരുന്നു അത്. 16-17 വയസ് പ്രായം. സംഗീതം പഠിക്കുന്ന കുട്ടിയെന്ന നിലയിലൊക്കെയാവും ആ അവസരം എന്നെ തേടി വന്നതെന്നു തോന്നുന്നു. ഫോർട്ട് കൊച്ചി അമരാവതിയിലെ തന്നെ നെൽസൺ ഫെർണാണ്ടസ് എഴുതിത പാട്ടായിരുന്നു. വരികൾ ഓർമ്മയില്ല. പാട്ടു പഠിത്തവും കൗതുകത്തോടെയുള്ള റെക്കോർഡിങ്ങുമെല്ലാം വേഗം കഴിഞ്ഞു. എന്റെ ശബ്ദം ആദ്യമായി റെക്കോർഡറിലൂടെ കേൾക്കുന്നതന്നാണ്.

 

പിൽക്കാലത്ത് അദ്ദേഹം സിനിമയ്ക്കു വേണ്ടി ആദ്യ ഗാനം ഒരുക്കിയപ്പോൾ അതു പാടാനുള്ള ഭാഗ്യവും എനിക്കായി. കറുത്ത പൗർണമി എന്ന സിനിമയ്ക്കു വേണ്ടി ഭാസ്ക്കരൻമാഷിന്റെ വരികളിൽ അദ്ദേഹം ഈണം നൽകിയ ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ’ എന്ന ആ ഗാനം എത്ര ഹൃദയസ്പർശിയാണ്. പിന്നാലെ റെസ്റ്റ് ഹൗസ് എന്ന സിനിമയിലെ പാടാത്ത വീണയും പാടും.. പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു.. തുടങ്ങിയ ഗാനങ്ങളും വലിയ ഹിറ്റായി. അവിടെ തുടങ്ങിയ ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ടിലെ ഭൂരിപക്ഷം ഗാനങ്ങളും പാടാൻ നിയോഗം എനിക്കായിരുന്നു. മറ്റു ഗായകർക്കും അദ്ദേഹം പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ചു.

 

അദ്ദേഹം ഈണമിട്ട ആദ്യ ഗാനം മുതൽ പലതും എനിക്ക് ഏക്കാലവും പ്രിയപ്പെട്ടതാണ്. അതിൽ ‘കസ്തൂരി മണക്കുന്നല്ലോ...’ എന്ന ഗാനം വീണ്ടും മറ്റൊരു സിനിമയ്ക്കു വേണ്ടി പാടാനുള്ള അവസരവും ഉണ്ടായി. സാങ്കേതിക സംവിധാനങ്ങൾ പരിമിതമായിരുന്ന ഒരു കാലത്ത് റെക്കോർഡ് ചെയ്ത ആ ഗാനം റെക്കോർഡിങ് സാങ്കേതിക വിദ്യ ഏറെ വളർന്ന കാലത്ത് റീ റെക്കോർഡ് ചെയ്യുമ്പോഴും വഴികാട്ടാൻ കൊച്ചിയിലെ സ്റ്റുഡിയോയിൽ അദ്ദേഹം എത്തിയിരുന്നു. ഏറ്റവും ഒടുവിൽ വസനന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമയിലെ ‘തെന്നലേ..മണി തെന്നലേ..’ എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ഈണത്തിൽ ചിത്രക്കൊപ്പം പാടിയത്. മനോഹരമായിരുന്നു ആ പാട്ടും.

 

കഷ്ടപ്പാടുകളുടെ കയത്തിൽ തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. വീട്ടിൽ ജീവിക്കാൻ വഴിയില്ലാതെ പഴനിയിലെ ആശ്രമത്തിനോടു ചേർന്നുള്ള കരുണാലയത്തിൽ കഴിഞ്ഞ കാലത്താണ് സംഗീതാഭ്യാസം. ആ ആശ്രമ ജീവിതത്തിന്റെ സ്വാധീനം കൊണ്ടായിരുന്നിരിക്കണം, സന്യാസി തുല്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ‘സന്യാസി സംഗീതജ്ഞൻ’ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുക. ആരോടും മുഷിയില്ല. ഒന്നിനോടും പരിഭവുമില്ല. വളരെ സാത്വികമായ പെരുമാറ്റം. കൊച്ചിക്കാരുടെ തനത് ശൈലിയിൽ മോനേ.. മോനേ.. എന്നു വിളിച്ചാണു ക്ഷമയോടെ പാട്ടുകൾ പഠിപ്പിക്കുക. ഹാർമോണിയമായിരുന്നു കൂട്ട്. ശാസ്ത്രീയ സംഗീത ‍ജ്ഞാനം പാട്ടുകളുടെ ഈണത്തിലും വ്യക്തമായിരുന്നു. വീണ്ടും കേൾക്കുമ്പോൾ ഒരു പുതുമ തോന്നുന്നതാണ് ഓരോ പാട്ടും.

 

ദേവരാജൻ മാഷിനു കീഴിൽ ഹാർമോണിസ്റ്റായി പിന്നീട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ സിനിമ സംഗീത രംഗത്തെത്തിയ അർജുനൻ മാഷിന്റെ പല പാട്ടുകളും ദേവരാജൻ മാഷ് ഈണം നൽകിയതാണെന്ന തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. അങ്ങനെയൊരു നിഴലിലായപ്പോഴും അദ്ദേഹത്തിനു പരിഭവമുണ്ടായിരുന്നില്ല.

 

അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയോ എന്നു സംശയമാണ്. പക്ഷേ ആസ്വാദക ഹൃദയങ്ങളിലുള്ള ഉന്നത സ്ഥാനം പക്ഷേ എല്ലാ അംഗീകാരങ്ങൾക്കും മുകളിലായുണ്ട്. പ്രിയപ്പെട്ട പലർക്കും അവസാനമായി കാണാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലാണ് മാഷ് വിടപറയുന്നത്. അമേരിക്കയിലുള്ള എനിക്കുമുണ്ട് ആ വലിയ സങ്കടം. ഈ കാലവും കടന്നുപോകുമെങ്കിലും അർജുന സംഗീതം എക്കാലവും ഇവിടുണ്ടാവും. ഏറ്റവും പ്രിയപ്പെട്ട അർജുനൻ മാഷിന് മനസുകൊണ്ട് പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com