കസ്തൂരിമണമുള്ള പാട്ട്, പൗർണമിച്ചന്ദ്രിക പോലെ പടർന്ന സ്നേഹം
Mail This Article
അർജുനൻ മാഷിനെക്കുറിച്ച് മനോരമ ഫൊട്ടോഗ്രഫർ റസൽ ഷാഹുലിന്റെ ഒാർമകളിൽനിന്ന്.
‘സ്വരങ്ങളാൽ ശരമെയ്ത് അർജുനൻ മാഷെത്തി’ .. അർജുനൻ മാസ്റ്റർ ആലപ്പുഴയിൽ 1999 ൽ കുട്ടികളുമൊത്ത് ഒരു വേനൽക്കാല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഞാനെഴുതിയ വാർത്തയ്ക്ക് മനോരമയുടെ അന്നത്തെ തലക്കെട്ടായിരുന്നു ഇത്.. അന്ന് സബ് എഡിറ്റർ ആയിരുന്ന എഴുത്തുകാരി കെ.ആർ. മീരയാണ് മലരമ്പ് തൊടുത്ത പോലെ മനോഹരമായ ആ തലക്കെട്ട് ഇട്ടത്. പത്രപ്രവർത്തനത്തിന്റെ തുടക്ക കാലത്തെ ഓർമയാണിത്.
വീട്ടിലെ വലിയ വിരുന്നുകാരൻ
1980 കൾ. അന്നൊക്കെ വീട്ടിൽ വിശേഷപ്പെട്ടവർ വന്നാൽ ആഘോഷം ഞങ്ങൾ കുട്ടികൾക്കാണ്. അപ്പായുടെ കൂട്ടുകാരെയൊക്കെ മാമാ എന്നു വിളിച്ചിരുന്നുവെങ്കിലും എന്റെ മക്കളായ ഗുൽസാറിനും പർവെസിനും അനുജൻ റഫിയുടെ മക്കളായ ഇബ, ഇസ്ര, ഇമയ എന്നിവർക്കുംവരെ അർജുനൻ മാഷ് ഇന്നും മാഷ് എന്ന രണ്ടക്ഷര മധുരമാണ്.
നാടക ചർച്ചയുമായി മാഷൊക്കെ വീട്ടിലെത്തിയാൽ പൂവൻ കോഴിയെ ഓടിച്ചിട്ടു പിടിക്കുക ഞങ്ങൾ കുട്ടികളുടെ വിനോദമാണ്. കോഴിക്കു കയറാൻ കൂടുണ്ടെങ്കിലും, മരത്തിലാണ് പൂവൻ കയറുക. ബ്രോയിലർ കോഴികൾ നാട്ടിൻപുറങ്ങളിലൊന്നും കേട്ടുകേൾവിയില്ലാത്ത കാലം. വിരുന്നുകാരെത്തിയാൽ നാടൻ പൂവനാണ് തീൻ മേശയിലെ താരം.
മുന്നറിയിപ്പില്ലാതെ ഉച്ചയ്ക്കു മുൻപായി അതിഥികൾ എത്തിയാൽ പെട്ടന്നാണ് കോഴിയെ പിടക്കാൻ അമ്മച്ചി പറയുന്നത്. പറമ്പിൽ തീറ്റ ചികഞ്ഞു നടക്കുന്ന വലിയ പൂവനെയാണ് ആദ്യം ലക്ഷ്യം വെയ്ക്കുക. പതിവില്ലാതെ നമ്മൾ അടുത്തേക്കു ചെല്ലുന്നതു കാണുമ്പോൾ പന്തികേട് മണത്ത് അവൻ ഓട്ടം തുടങ്ങും. ഞാനും അനിയൻ തമ്പിയും പിന്നാലെ പിടിക്കും. ഇതിനിടെ വീടിന്റെ അടുക്കള വഴി കയറി അതിഥികൾ ഇരിക്കുന്നതിന് മുകളിലുടെ ആശാൻ പറന്ന് പുറത്തേക്കു പോകും.
ഓട്ടവും പറക്കലുമൊക്കെയായി നമ്മുടെ 45 സെന്റ് കഴിഞ്ഞ് വേലിക്ക് മുകളിലൂടെ ഓടിയും പിടി കിട്ടാറാകുമ്പോൾ കയ്യിൽ വാലിലെ രണ്ടുതൂവൽ തന്നു പറന്നും തെക്കേതിലേക്കു ട്രാക്കു മാറ്റും. അപ്പോഴേക്കും ഞാനും തമ്പിയും തളർന്നിരിക്കും. എന്നാലും പിന്നാലെ ചെല്ലുമ്പോൾ രാജൻ രംഗപ്രവേശം ചെയ്യും. ‘അണ്ണാ പള്ളിക്കൂടത്തിലെ ഓട്ടമെടുക്കണോ അതോ വീട്ടിലെ ഓട്ടം മതിയോ’ എന്നു ചോദിച്ച് തെക്കേതിലെ അടുക്കളവാതിലിനു മറയിൽ ഒരുങ്ങിയിരിക്കുന്ന പൂവനെ എടുത്തു കൊണ്ട് രാജൻ ഒരു വരവുണ്ട് !
മക്കളേ, അതിനെ ഉപദ്രവിച്ചോ എന്നു ചോദിച്ച് മാഷ് അലിവോടെ പൂവനെ നോക്കും !
ഗാനഗന്ധർവനെ കണ്ട നിമിഷം
മാഷിന്റെ മൂത്തമകൾ ലേഖയുടെ വിവാഹത്തിലാണ് ഗാന ഗന്ധർവൻ യേശുദാസിനെ ആദ്യമായി കാണുന്നത്. സദ്യ കഴിഞ്ഞ് വന്ന നേരം പള്ളൂരുത്തി വെളിയിലെ ഓഡിറ്റോറിയത്തിന്റെ ഒരു കോണിൽ സംസാരിച്ചു കൊണ്ടു നിന്ന യേശുദാസിനെ അമ്മച്ചിയാണ് കാണിച്ചു തന്നത്. പാന്റും ഷർട്ടും ബെൽറ്റും ഷൂസും എല്ലാം വെള്ളി നിറത്തിൽ തിളങ്ങി നിന്ന അദ്ദേഹത്തെ കണ്ടത് അത്ഭുതമായിരുന്നു. മാഷിന്റെ എത്രയെത്ര ഗാനങ്ങൾക്കാണ് അനശ്വര ഗായകൻ സ്വര മാധുര്യമേകിയത്.
പന്തീരായിരപ്പട – 2002
വീട്ടിലെ ഔട്ട്ഹൗസ് പ്രസാദത്തിൽ 4 ദിവസം വന്നു താമസിച്ചാണ് മാഷും കുമരകം രാജപ്പനും സംഗീതം ചെയ്തത്. തുറമുഖത്തൊഴിലാളികളുടെ സംഘടനയായ കൊച്ചിൻ ലേബേഴ്സ് അവതരിപ്പിച്ച നാടകത്തിന്റെ റിഹേഴ്സലും ഇവിടെയായിരുന്നു. എഴുത്തിൽനിന്നു പതിയെ ക്യാമറയിലേക്ക് അപ്പോഴേക്കും ഞാൻ മാറിയിരുന്നു. വർഷങ്ങളെല്ലാം കംപ്യൂട്ടർ ഓർമയോടെ മറക്കാതെ പറയുന്ന അമ്മച്ചി മറിയം ബീവി ഓർത്തു പറഞ്ഞു, മാഷുമൊത്തുള്ള അപ്പായുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ 1974–ൽ എടുത്തതാണെന്ന്.
എന്റെ വിവാഹം – 2003
വീട്ടിലെ വിശേഷങ്ങൾക്കൊക്കെ കാരണവ സ്ഥാനത്തുണ്ടാകുന്ന അർജുനൻ മാഷ് എന്റെയും അനുജന്റെയും വിവാഹത്തിന് സജീവ സാന്നിദ്ധ്യമായിരുന്നു. രാജൻ പി.ദേവും മാഷും ഷംസുദ്ദീൻ മാമായും അപ്പായും ഏറെ നേരം തമിഴ് സിനിമാ ഗാനങ്ങളെയും എംജിആറിനെയും ശിവാജി ഗണേന്റെയും കഥകൾ പറഞ്ഞിരിക്കുമായിരുന്നു.
ഒരുപാട് ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത കുടുംബാംഗമായിരുന്നു മാഷ്. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രയിലൊക്കെ പാർവതി മന്ദിരം അപ്പായുടെ ഇടത്താവളമായിരുന്നു. പരേതനമായ മാത്യു അഗസ്റ്റിനെന്ന അപ്പച്ചൻ മാമായും അപ്പായും കെ.എൽ.ആന്റണിയും കൊച്ചിൻ വർഗീസും മാഷുമൊത്തുള്ള സൗഹൃദ സദസുകൾ പാട്ടിന്റെ അമൃത വാഹിനികളായിരുന്നു. മീന മീസത്തിലെ പുലരിയിൽ ഞങ്ങൾക്ക് നഷ്ടമായത് പിതൃ സമാനമായ സ്നേഹ വാത്സ്യല്യമാണ്, സംഗീതത്തിന്റെ പൂർണ ചന്ദ്രനെയാണ്..
പള്ളൂരുത്തി പാർവതീ മന്ദിരം – 2009
പൂച്ചാക്കൽ ഷാഹുൽ രചിച്ചതിൽനിന്നു തിരഞ്ഞെടുത്ത 700ൽ അധികം നാടക ഗാനങ്ങളുടെ സമാഹാരം രംഗഗീതങ്ങളുടെ പ്രകാശനം. മാഷിന്റെ വസതിയായ പള്ളൂരുത്തി പാർവതി മന്ദിരത്തിലെ മട്ടുപ്പാവിൽ നാട്ടുമാവിന്റെ തണലിൽ വേദി ഒരുക്കി. പുതു തലമുറയിലെ ശ്രദ്ധേയനായ ഗായകൻ വിവേകാനന്ദിന് കൈമാറി അർജുനൻ മാഷ് പ്രകാശനം ചെയ്തു. സ്വാധീനക്കുറവുള്ള ഇടം കൈ കൊണ്ട് മാഷ് ഹാർമോണിയത്തിൽ താളമിട്ടു. എഡിപുരം ഭാസിയും കൊച്ചിൻ വർഗീസും ശ്രുതി മീട്ടി പാടി.
സുന്ദരൻ കല്ലായി 1974ൽ എഴുതി സംവിധാനം ചെയ്ത വൈക്കം മാളവികയുടെ ഹിറ്റ് നാടകം സിന്ധു ഗംഗയ്ക്കു വേണ്ടി അർജുനൻ മാഷിന്റെ സംഗീതത്തിൽ അപ്പായുടെ ആദ്യ പ്രഫഷനൽ നാടക ഗാനം
‘പൗർണമി ഒഴുകുന്ന താഴ്‍വരയിൽ
ഈരല്ലി കുങ്കുമപ്പൂ വിരിഞ്ഞു
ആ പൂവിതളുകൾ, നിന്നധരങ്ങൾ
എനിക്കു നൽകും നിവേദ്യമല്ലേ,
മധുരാനുഭൂതി തൻ മധുരമല്ലേ !’
ആർട്ടിസ്റ്റ് സുജാതന്റെയും സുന്ദരൻ കല്ലായിയുടെയും ടി.കെ. ജോണിന്റെയും ചേർത്തല സംസ്കാര സെക്രട്ടറി വെട്ടക്കൽ മജീദിന്റെയും സാന്നിധ്യത്തിൽ മാഷിന്റെ വസതിയിൽ മറ്റൊരു സ്നേഹ സംഗമം. സിന്ധു ഗംഗയുടെ അണിയറ പ്രവർത്തകരുടെ ഒത്തു ചേരൽ കൂടിയായി അത്.
പൂച്ചാക്കൽ ഷാഹുലിന്റെ സപ്തതി ആഘോഷം– 2011
രണ്ടു ദിവസത്തെ പരിപാടിയാണ്. ആദ്യ ദിനം ഷാലിമാറിലും രണ്ടാം ദിനം പൂച്ചാക്കലെ പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും. മാഷ് പള്ളുരുത്തിയിൽ നിന്ന് സഹായിയുമായി നേരത്തേ എത്തി. അപ്പായുടെ തിരഞ്ഞെടുത്ത നാടക ഗാനങ്ങൾ അവതരിപ്പിക്കാനുള്ള റിഹേഴ്സൽ ഗായകൻ കൊച്ചിൻ വർഗീസിന്റെ നേതൃത്വത്തിൽ നടക്കുന്നു.
നാടക രചയിതാവും സംവിധായകനുമായ സുന്ദരൻ കല്ലായി, വൈക്കം മാളവിക നാടക ട്രൂപ്പ് ഉടമയും സംവിധായകനുമായ ടി.കെ.ജോൺ, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ ടി.എം.എബ്രഹാം എന്നിവർ. ചിരകാല മിത്രമായ അർജുനൻ മാഷ് അപ്പായെ പൊന്നാട ചാർത്തി. കെ.എൽ.ആന്റണിയും മാത്യു അഗസ്റ്റിനും സജീവമായിനിന്നു സംഘടിപ്പിച്ച സൗഹൃദ വേദിയുടെ പൂച്ചാക്കൽ ഷാഹുലിന്റെ സപ്തതി ആഘോഷം. അപ്പായുടെ സതീർഥ്യനും മുൻ ഡിജിപിയും റോ മേധാവിയുമായ പി.കെ.ഹോർമിസ് തരകൻ മുഖ്യാതിഥിയായിരുന്നു. എന്റെ ഇളയ പുത്രൻ 3 വയസുകാരൻ പർവെസ് നിലത്തു കിടന്ന് ഗിഞ്ചറയുമായി താളം പിടിച്ചു. അതിനേക്കാൾ കുരുന്നു കൗതുകത്തോടെ മാഷ് അത് നോക്കിയിരുന്നു..
എങ്ങനെ നീ മറക്കും – 2011
2011. ബെംഗളൂരു കേരള സമജം – എങ്ങനെ നീ മറക്കും നാടകഗാന സന്ധ്യയും ആദരിക്കലും. നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള കേരള സമാജം നാടകഗാന സന്ധ്യ നടത്തിയാണ് ഗാന ശിൽപികളായ എം.കെ.അർജുനനെയും പൂച്ചാക്കൽ ഷാഹുലിനെയും കൊച്ചിൻ വർഗീസിനെയും ഒപ്പം സുന്ദരൻ കല്ലായിയെയും മാത്യു അഗസ്റ്റിനെയും ആദരിച്ചത്. സമാജം ജനറൽ സെക്രട്ടറി റജികുമാറും കൾച്ചറൽ സെക്രട്ടറി എ.ആർ.ജോസും ജോയിന്റ് സെക്രട്ടറി ഷാജി ഞുണ്ണിക്കലും നേതൃത്വം നല്കിയ സംഗീത സായാഹ്നം. മൈസൂർ പേട്ട ധരിച്ചിരിക്കുന്ന മാഷിന്റെ ചിത്രം അദ്ദേഹത്തെ കാണിച്ചപ്പോൾ കവിളിൽ തലോടിയത് അനുഗ്രഹ സ്പർശമായി ഇന്നും കൂടെയുണ്ട്.
കല്ലായി കടവത്തെ കാറ്റിനൊപ്പം 2016
കോഴിക്കോട്ട് കല്ലായിപ്പുഴയോരത്ത് സംഗീത സംവിധായകരായ എം.കെ.അർജുനനും എം.ജയചന്ദ്രനും ഒത്തു ചേരുന്നു. കല്ലായിക്കടവത്ത് എന്ന ഗാനം മൂളി ജയേട്ടനും മാഷും അപ്പായും മാഷിന്റെ മകൻ അശോകനും ഈ അപൂർവ സംഗമത്തിന് സാക്ഷിയായി.
മനോരമ ഞായറാഴ്ചയ്ക്കു വേണ്ടി ചിത്രം പകർത്താൻ ഞാനും എഴുതാൻ ലെനിൻ ചന്ദ്രനും.
പാട്ടൊഴുക്കിന്റെ അര നൂറ്റാണ്ട് – 2017
പാട്ടൊഴുക്കിന്റെ അര നൂറ്റാണ്ട്. അപ്പായുടെ ഗാനരചനയുടെ അരനൂറ്റാണ്ടിന്റെ ആഘോഷവും ജീവചരിത്ര പ്രകാശനവും. ചേർത്തല പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ പി.കെ.ഹോർമിസ് തരകനിൽനിന്ന് അർജുനൻ മാഷ് ‘പൗർണമിയൊഴുകുന്ന താഴ്‍വരയിൽ’ എന്ന ഷിബു ടി.ജോസഫ് രചിച്ച ജീവചരിത്രം ഏറ്റുവാങ്ങി. ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷനായിരുന്നു.
അവസാന സന്ദർശനം – 2018
പൂച്ചാക്കലിൽ ഒരു ചടങ്ങിനു പോയപ്പോഴാണ് എന്റെ വീടുപണി നടക്കുന്ന കാര്യം അപ്പാ പറഞ്ഞ് മാഷ് അറിയുന്നത്. മടങ്ങും വഴി പണിയുന്ന വീട്ടിലും എത്തി അനുഗ്രഹിച്ചാണ് ആദ്ദേഹം പളളുരുത്തിയിലേക്കു പോയത്. സുഖക്കുറവ് കാരണം വാസ്തുബലിക്ക് മാഷിന് എത്താനായില്ല. പിന്നീട് വീടിന്റെ വിഡിയോയും ചിത്രങ്ങളും കണ്ട മാഷ് പറഞ്ഞത് ഷാലിമാറിൽ സംഗീതം ഒഴുകുകയാണ് എന്നാണ്.
ഉസ്താദും മാഷും
അര നൂറ്റാണ്ടിന്റെ സംഗീതയാത്രയിൽ മാഷിനും അപ്പായ്ക്കും ഒരിക്കൽ പോലും മുഖം കറുപ്പിക്കേണ്ടി വന്നിട്ടില്ല. ലളിത പദാവലി കൊണ്ടുള്ള മാഷിന്റെ സ്വരയാത്രയ്ക്ക് തിരശീലയ്ക്കു പിന്നിലെ അകമ്പടിക്കാരനായി അപ്പാ എന്നുമുണ്ടായിരുന്നു. 80 നാടക ഗാനങ്ങൾക്കാണ് ഇരുവരും ഒന്നിച്ചത്. അപ്പാ ഉസ്താദ് എന്നാണ് മാഷിനെ വിളിച്ചിരുന്നത്. അർജുനൻ മാഷ് അപ്പായെ മാഷേ എന്നും. എല്ലാവരും മാഷേ എന്നു വിളിക്കുന്ന അർജുനൻ മാഷ് അപ്പായെ സ്കൂൾ അധ്യാപകനായിരുന്നതിനാൽ മാഷേ എന്നു വിളിച്ചു.
അടുത്തിടെ മാഷ് കംപോസ് ചെയ്ത നാടക ഗാനങ്ങളൊക്കെ സിഡി അക്കണമെന്ന ആഗ്രഹം അപ്പാ പ്രകടിപ്പിച്ച് അതിന്റെ ജോലികൾ തൂടങ്ങുകയും ചെയ്തിരുന്നു. പതിഞ്ഞ വാക്കുകളിൽ കാറ്റ് മന്ത്രിക്കുന്നതു പോലെ കാണുമ്പോഴെല്ലാം മക്കൾക്കും വീട്ടുകാരിക്കും സുഖമല്ലേ എന്നു ചോദിക്കുന്ന പിതൃ തുല്യമായ സ്നേഹസംഗിതം അനശ്വരമായ ഒരു ഗാനം പോലെ മനസ്സിൽ.
അഴിമുഖം സിനിമയുടെ റെക്കോർഡിങ്ങിനായി 1972ൽ മദ്രാസിൽ വാസു സ്റ്റുഡിയോയിൽ ചെന്നപ്പോഴാണ് മാഷിനെ ആദ്യമായി അപ്പാ കാണുന്നത്. പാടേണ്ടിയിരുന്ന യോശുദാസിന് എത്താൻ സാധിക്കാതിരുന്നതിനാൽ ഈണമിട്ട എം.എസ്. ബാബുരാജ് തന്നെ പാടിയ
‘അഴിമുഖം കണി കാണും പെരു മീനോ
എന്റെ കരളിലു ചാടി വീണ കരിമീനോ..’
എന്ന ഗാനം ഹിറ്റായി.
അവിടെത്തുടങ്ങിയ ആത്മബന്ധം 17 നാടകങ്ങളിലെ എൺപതോളം ഗാനങ്ങളിലേക്കാണ് നിലാവിന്റെ കിനാവള്ളി പടർത്തിയത്. ശുപാർശ ചെയ്യാൻ ആളില്ലാതെ പോയതു കൊണ്ട് രാജ്യം നൽകുന്ന പരമോന്നത അംഗീകാരമായ ‘പത്മ’ ബഹുമതി എന്നേ ലഭിക്കേണ്ട ആളായിരുന്നു.. പാർവതി മന്ദിരത്തിൽ അത് എത്താതിരുന്നതും ഒരു സ്വകാര്യ ദുഖമായി ശേഷിക്കുന്നു, രണ്ട് വർഷം മുൻപാണല്ലോ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ സ്വര സവ്യസാചിയെ തേടിയെത്തിയത്... പള്ളുരുത്തിയിൽ ഒന്നു പോകണമെന്നും മാഷിന്റെ പുതിയ ചില ചിത്രങ്ങൾ എടുക്കണമെന്നുമുള്ള ആഗ്രഹം ഒരു പുലർകാല ദുഃഖം പോലെ ബാക്കി...