‘ആ ഈണം സംഗീതജീവിതത്തിൽ എന്റെ സൗഭാഗ്യം’
Mail This Article
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ എന്നു ഈണമിട്ടത് സംഗീതജീവിതത്തിൽ എന്റെ സൗഭാഗ്യമായിരുന്നു. വിഷുദിനം എന്നാൽ ലക്ഷക്കണക്കിനു ഭക്തർ ഗുരുവായൂരപ്പനെ വണങ്ങാനെത്തുന്ന ദിവസമായിരുന്നു.
എന്നാൽ ലോകം നേരിടുന്ന മാഹാമാരി കാരണം ഇന്നതു ചിന്തിക്കാൻ വയ്യാത്ത അവസ്ഥ. വിഷുദിനമായ ഇന്ന് ഞാൻ പുട്ടപർത്തിയിൽ ഒരു മണിക്കൂർ ഭജന നടത്തേണ്ടതായിരുന്നു. യാത്രക്കായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ എനിക്ക് അതും മുടങ്ങി. മുതിർന്ന ആരോടു ചോദിച്ചാലും ഇതോപൊലൊരു സാഹചര്യം അവരാരും നേരിട്ടിട്ടില്ല. സാങ്കേതികവിദ്യ വളർന്ന കാലത്താണ് നാം ഇതു നേരിടുന്നതെന്നോർക്കണം.
എങ്കിലും എവിടെയോ ചില നന്മകൾ ബാക്കിയുണ്ട്. അതുകൊണ്ടാവാം ഇങ്ങനെയെങ്കിലും നാം അവശേഷിക്കുന്നത്. എന്നാൽ നെഗറ്റീവ് ചിന്തകൾ മനസിനകത്തേക്ക് കയറാൻ നാം അനുവദിച്ചുകൂടാ.
കേരളീയരെ സംബന്ധിച്ചിടത്തോളം ഓണവും വിഷുവും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ വിഷു എങ്ങനെ ആഘോഷിക്കും എന്നു ചിന്തിക്കേണ്ടതുണ്ട്. എവിടെയാണെങ്കിലും സഹജീവികളെ സേവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രാർഥന. ഭാരതീയസംസ്കാരത്തിൽ ഈശ്വരനെ ഭജിക്കുന്നതിലുപരി മാനവസേവക്കാണ് സ്ഥാനം. ഇന്നത്തെ അവസ്ഥയിൽ ആഘോഷത്തേക്കാൾ കൂടുതലായി, ഏതു വിധത്തിലായാലും മറ്റുള്ളവർക്കായി എന്താണോ ചെയ്യാനാവുക അതു ചെയ്യണം. ഈ ദുരിതത്തിൽനിന്ന് എല്ലാ ജനങ്ങളെയും അവർ എവിടെയുള്ളവരായാലും രക്ഷപ്പെടാൻ ശക്തി നൽകണേ എന്നതാവട്ടെ ഈ ആഘോഷാവസരത്തിലെ പ്രാർഥന.