'ഈ പാട്ട് എനിക്കെന്നും ഇഷ്ടം'; അച്ഛന്റെ പാട്ടിന് കവർ പതിപ്പൊരുക്കി ശ്രുതി ഹാസൻ
Mail This Article
കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രമായ ‘നായകനി’ലെ പാട്ട് പുനരാവിഷ്കരിച്ച് മകൾ ശ്രുതി ഹാസൻ. ചിത്രത്തിലെ ‘തേന്‍പാണ്ടി ചീമയിലെ’ എന്ന പാട്ടിനാണു ശ്രുതി പുതിയ പതിപ്പൊരുക്കിയത്. പിയാനോ വായിച്ച് പാട്ടു പാടുന്നതിന്റെ വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ പാട്ട് തനിക്ക് ഏറെ ഇഷ്ടമാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് ശ്രുതി കുറിച്ചു. പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മണിരത്നത്തിന്റെ സംവിധാനത്തിൽ 1987-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നായകന്‍. ഇളയരാജയാണ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കിയത്. ‘തേന്‍പാണ്ടി ചീമയിലെ’ എന്ന ഗാനം ആലപിച്ചത് ഇളയരാജയും കമല്‍ഹാസനും ചേർന്നാണ്. പാട്ടിന്റെ മോഡേണ്‍ പതിപ്പാണ് ശ്രുതി ഒരുക്കിയിരിക്കുന്നത്.
ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ കഴിയുന്ന ശ്രുതി, സംഗീതവും പാചകവുമൊക്കെയായി സമയം ചിലവഴിക്കുകയാണ്. ലോക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ പങ്കുവച്ച പാട്ടിനും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.