ഡിവൈഎഫ്ഐ പേജിൽ സംഗീത വിരുന്നൊരുക്കി മലയാളത്തിന്റെ വാനമ്പാടി
Mail This Article
അസാധാരണ സാഹചര്യത്തിലൂടെ മലയാളികൾ കടന്നുപോകുമ്പോൾ മാനസിക ഉല്ലാസത്തിനായി പുതിയ ആസ്വാദന തലങ്ങൾ ഒരുക്കുകയാണ് ഡിവൈഎഫ്ഐ. ലോക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ ഡിവൈഎഫ്ഐ ഒരുക്കിയ വേദിയിൽ മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്ര എത്തിയത് ആസ്വാദക ശ്രദ്ധ നേടി. പ്രേക്ഷകർ ആവശ്യപ്പെട്ട പാട്ടുകൾ സമ്മാനിച്ച് മനം നിറയുവോളം സംഗീത വിരുന്ന് നൽകിയാണ് ചിത്ര മടങ്ങിയത്.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'നിങ്ങൾ പാടൂ കെ.എസ്. ചിത്ര കേൾക്കും..' എന്ന പരിപാടിയുടെ വിജയികളെയും മലയാളത്തിന്റെ വാനമ്പാടി പ്രഖ്യാപിച്ചു. പ്രത്യേക പരാമർശം നേടിയ ഈ ഗായകർക്കുവേണ്ടി അവരുടെ ഇഷ്ടഗാനം സമ്മാനമായി ആലപിച്ചത് പ്രേക്ഷകർക്ക് പുതിയ അനുഭവമായി. പങ്കെടുത്ത എല്ലാ മത്സരാത്ഥികളെയും കെ എസ് ചിത്ര അഭിനന്ദിക്കാനും മറന്നില്ല. കണ്ണൂർ സ്വദേശി അനീഷ് പൂന്തോടനാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിനർഹനായത്. ലക്ഷ്മി എല്‍ വി തിരുവനന്തപുരം, ഗായത്രി രാജീവ് കാക്കനാട്, സില്‍വ്യ തിരുവണ്ണൂര്‍, അനിഖ അനില്‍കുമാര്‍ പാലക്കാട് എന്നിവർ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളും കരസ്ഥമാക്കി.
കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ വൈറസിനെ പ്രതിരോധിക്കാന്‍ സ്വയം നിയന്ത്രണത്തിന്റെ ഭാഗമായും അല്ലാതെയും വീട്ടിലിരിക്കേണ്ടി വന്നവരാണ് നമ്മളില്‍ പലരും. രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 'ബോറടി പാട്ടിനു പോട്ടെ' എന്നപേരിൽ ഇഷ്ടഗായകരോട് നേരിട്ട് സംസാരിക്കാനും അവരുടെ പാട്ടുകള്‍ കേള്‍ക്കാനും അവസരമൊരുക്കുകയായിരുന്നു ഡിവൈഎഫ്ഐ. യാത്രകളും പൊതു ഇടങ്ങളിലെ ഒത്തുചേരലുകളും താൽക്കാലികമായെങ്കിലും വിലക്കപ്പെട്ട ഈ കാലഘട്ടത്തിൽ ഒത്തുചേരലിന്റെ പങ്കുവയ്ക്കലിന്റെ വലിയ വേദി ഒരുക്കിയിരിക്കുകയാണ് യുവജന സംഘടനയായ ഡിവൈഎഫ്ഐ. കോറോണക്കാലത്ത് ലോകത്തെമ്പാടുമുള്ള ആളുകൾ ഒത്തുചേരുന്ന ഒരേ ഒരു സ്ഥലമായി മാറിയ ഫേസ്ബുക്കിലാണ് ഡിവൈഎഫ്ഐ ഒത്തുചേരലിന്റെ വിസ്മയം തീർത്തത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോൾ ലോകത്തിന്റെ പലകോണിൽ ഇരിക്കുന്ന സംഗീത ആസ്വാദകർ പ്രിയപ്പെട്ട ഗാനങ്ങളുമായി ഡിവൈഎഫ്ഐയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒത്തുചേർന്നു. ഏപ്രിൽ 16 ന് രാത്രി 9 മണിക്ക് കെ.എസ്. ചിത്ര ലൈവിൽ എത്തിയത്.
ഡിവൈഎഫ്ഐ കേരള ഫെയ്സ്ബുക്ക് പേജില്‍ ഒരു മണിക്കൂർകൊണ്ട് ലോകത്തിന്റെ പലകോണിൽ നിന്നായി തത്സമയം മൂന്ന് ലക്ഷത്തോളം ആളുകളാണ് കെ.എസ്. ചിത്രയുടെ പാട്ടിനായി കാതോർത്തത്. മുപ്പത്തിനാലായിരത്തോളം സംഗീത ആസ്വാദകരാണ് തങ്ങളുടെ ഇഷ്ടഗാനങ്ങൾ ആവശ്യപ്പെട്ടും അഭിപ്രായങ്ങൾ പങ്കുവച്ചും കമന്റ് ചെയ്തത്. ഈ സമയം കൊണ്ട് ആറരലക്ഷം പേരാണ് പാട്ടുകേൾക്കാൻ ഡിവൈഎഫ്ഐ കേരള ഫേസ്ബുക്ക് പേജ് സന്ദർശിച്ചത്. നിരവധി പേരാണ് പാട്ട് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.