‘ഏതോ നിദ്ര തൻ...’; ആസ്വാദകഹൃദയം തൊട്ട് ഗായത്രി സുരേഷിന്റെ കവർ പതിപ്പ്
Mail This Article
ആസ്വാദകരുടെ ആത്മാവിനെ തൊട്ടുണർത്തിയ നിത്യഹരിത ഗാനത്തിനു കവർ പതിപ്പൊരുക്കി പിന്നണി ഗായിക ഗായത്രി സുരേഷ്. എത്ര കേട്ടാലും മതിവരില്ല എന്ന് മലയാളികൾ അടിവരയിട്ടു പറയുന്ന ‘ഏതോ നിദ്ര തൻ പൊൻമയിൽ പീലിയിൽ’ എന്ന മധുരഗീതവുമായാണ് ഗായത്രി ആസ്വാദകർക്കരികിലേക്കെത്തിയത്.
1998–ല്‍ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് ആലപിച്ച നിത്യവസന്ത ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കാവ്യാത്മക വരികൾക്ക് രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതം. ഒരു തലമുറയെ ആകെ പാട്ടിലാക്കിയ ആ ശ്രുതിമധുരം ഇന്നും തുടരുന്നു, അതേ ശോഭയോടെ.
ചില പാട്ടുകൾ അങ്ങനെയാണ്. അവ കാലത്തിനപ്പുറത്തേയ്ക്കും ഒഴുകിയിറങ്ങും. ചിലത് സ്വപ്നം കാണാൻ പഠിപ്പിക്കും. മറ്റു ചിലത് ഓർമകളിലേക്ക് കൈപിടിച്ചിറക്കും. പുതുമഴയുടെ വശ്യതയായ് ഇളം കാറ്റിന്റെ തലോടലായ് ആത്മാവിനെ തൊട്ടുണർത്തുന്ന ഈണങ്ങളുടെ പെയ്ത്ത് ആയിരിക്കും പിന്നീടങ്ങോട്ട് മനസ്സിൽ. അത്തരത്തിൽ ആസ്വാദകഹൃദയങ്ങളിൽ വർഷങ്ങൾക്കു മുന്നേ ഒഴുകിപ്പരന്ന് മലയാളികളുടെ ജീവരാഗമായി മാറിയതാണ് ഈ ഗാനം.
യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെ ഗായത്രി ഒരുക്കിയ കവർ പതിപ്പ് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ആലാപനവും ആവിഷ്കാരവും ഒരുപോലെ ഹൃദ്യം എന്നാണ് പ്രേക്ഷകപക്ഷം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ഗായികയുടെ സ്വരവും ഭാവവും പാട്ടിനെ മികച്ചതാക്കി എന്ന് പ്രേക്ഷകർ വിലയിരുത്തി.