'ഇനിയും വരും പുഞ്ചിരികളുടെ കാലം'; തെന്നിന്ത്യൻ നഗരങ്ങളെ കൂട്ടിയിണക്കി യുവഗായകർ
Mail This Article
കോവിഡിനെതിരെ നാലു സംസ്ഥാനങ്ങളിൽ നിന്നും നാല് ഭാഷയിൽ പാട്ടു പാടി കയ്യടി നേടി യുവഗായകർ. മലയാളം, തമിഴ്, കന്നട, തെലുങ്കു എന്നീ ഭാഷകളിലാണ് നാൽവർ സംഘത്തിന്റെ പോരാട്ട ഗാനം. തിരുവനന്തപുരത്തു നിന്നും ജെമിനി ഉണ്ണികൃഷ്ണന്‍, ചെന്നൈയിൽ നിന്നും ആകാശ് അശോക് കുമാർ, ഹൈദരാബാദിൽ നിന്നും ലക്ഷ്മി ഗായത്രി, ബെംഗലുരുവിൽ നിന്നും ശ്രീഗുരു എന്നിവരാണ് ഗാനാലാപനത്തിൽ പങ്കു ചേർന്നത്.
തലസ്ഥാന നഗരങ്ങളുടെ ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണനാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജോയ് തമലം, സൂര്യ പ്രകാശ്, ദിനേശ് റെഡ്ഡി, മീര രാമചന്ദ്രൻ എന്നിവരാണ് മലയാളം, കന്നട,തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ പാട്ടിനു വരികളൊരുക്കിയത്.
ഒന്നര മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് ഗായകരെയും പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും പ്രശംസിച്ചു രംഗത്തു വന്നത്. നാലു പേരുടെയും ആലാപനം ഊർജ്ജവും ധൈര്യവും പകരുന്നു എന്നും ഈ മഹാമാരിയും നാം അതിജീവിക്കുമെന്നും ശ്രോതാക്കള്‍ പ്രതികരിച്ചു.