കോവിഡ് ചികിത്സക്കായി പ്ലാസ്മ ദാനം: കനിക കപൂറിന് കാത്തിരിക്കാൻ നിർദേശം
Mail This Article
കോവിഡ് മുക്തയായ ബോളിവുഡ് ഗായിക കനിക കപൂര്‍ ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ എം.എല്‍.ബി ഭട്ട് ദേശീയ വാർത്താ ഏജൻസിയോടു വ്യക്തമാക്കി.
പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കനികയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. കോവിഡ് ഭേദപ്പെട്ടവരുടെ രക്തത്തിൽ നിന്നും ആന്റിബോഡി ഉപയോഗപ്പെടുത്തിയാണ് പ്ലാസ്മ ചികിത്സ. കനിക കപൂറിന്റെ രക്ത പരിശോധനാഫലം അനുകൂലമായാൽ കോവിഡ് ചികിത്സയ്ക്കായ് പ്ലാസ്മ സ്വീകരിക്കുമെന്ന് കെജിഎംയു മെഡിക്കൽ കോളജിലെ രക്തകൈമാറ്റ വിഭാഗം മേധാവി തൂലിക ചന്ദ്ര അറിയിച്ചിരുന്നു. എന്നാൽ പരിശോധനാഫലത്തിൽ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറവാണെന്നു കണ്ടെത്തിയതോടെ ഇപ്പോൾ പ്ലാസ്മ ദാനം ചെയ്യൽ സാധ്യമല്ലെന്നു ആശുപത്രി വൃത്തങ്ങൾ കനികയെ അറിയിച്ചു.
കോവിഡ് ബാധിച്ച കനിക, ലഖ്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയിൽ ചികിത്സയിൽ കഴിഞ്ഞത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ ഗായിക, കോവിഡ് പോസ്റ്റീവ് ആയതോടെ രണ്ടാഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറാം ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. ആശുപത്രി വിട്ടെങ്കിലും 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ലഖ്നൗവിലെ വീട്ടിൽ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് കനിക.
വിദേശത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം വിരുന്നുകളിലും മറ്റും പങ്കെടുത്തതിനു കനികയ്ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ആർക്കും വേണ്ടിയും പാർട്ടി നടത്തിയില്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് ക്വാറന്റീനിൽ പോകാതിരുന്നതെന്നും ഗായിക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.