ഓർമകളുടെ കൈ പിടിച്ച് 'പുത്തിലഞ്ഞി പൂമണം'; കണ്ണു നിറഞ്ഞെന്ന് പൂരപ്രേമികൾ
Mail This Article
തൃശൂർ പൂരം. ഒറ്റവാക്കിൽ ഒതുക്കാൻ കഴിയാത്ത പൂരങ്ങളുടെ പൂരം. എന്നാൽ ഇത്തവണ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേടമാസത്തിലെ പൂരം നാൾ കടന്നു പോകുന്നത്. തൃശൂരുകാർക്കെന്നല്ല ലോകമെമ്പാടുമുള്ള പൂര പ്രേമികൾക്കു സങ്കൽപ്പിക്കാൻ സാധിക്കാത്ത കാര്യം. പൂരം കാത്തിരുന്ന പൂര പ്രേമികളുടെ മനസിന്റെ നൊമ്പരത്തെക്കുറിച്ച് പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ‘പുത്തിലഞ്ഞി പൂമണം’ എന്ന ഗാനം ശ്രദ്ധേയമാവുകയാണിപ്പോൾ.
അനന്തകൃഷ്ണൻ എന്ന പതിമൂന്നുകാരനാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൗമാരക്കാരൻ തന്നെയാണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ പൂർണമായി നിർവഹിച്ചത്. കലാകാരനായ സന്തോഷ് ഈച്ചരത്തിന്റെ മകനാണ് അനന്തകൃഷ്ണൻ. കവി മനു മോഹൻ കൂരമ്പാലയാണ് പാട്ടിനു വരികളൊരുക്കിയത്. ഈണവും താളവും ഹൃദയം തൊടുന്ന ആലാപനവും സമാസമം ചേർന്നപ്പോൾ പൂരമില്ലാത്ത പൂരപ്രേമികളുടെ മാനസികാവസ്ഥ പാട്ടിലൂടെ അതി മനോഹരമായി ആവിഷ്കരിക്കപ്പെട്ടു. ബാലമുരളി കെ. പി വീണയിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ബിജു മേനോന്‍ ആണ് പാട്ട് റിലീസ് ചെയ്തത്. ഇതിനോടകം ആസ്വാദകശ്രദ്ധ നേടിയ ഗാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പൂരം ഒഴിവാക്കപ്പെട്ടതിന്റെ മനോവിഷമം പാടി തീർത്ത അനൂപിനരികിലേക്ക് പാട്ടിന്റെ അവസാനം ജയരാജ് വാര്യർ കടന്നു വരുന്നു. ഇത്തവണ പൂരം ഇല്ലാത്തതിൽ സങ്കടം വേണ്ട എന്നും നാടിന്റെ നന്മയെക്കരുതി അത് മാറ്റി വയ്ക്കാമെന്നും അടുത്ത പൂരം അതിമനോഹരമാക്കാമെന്നുമുള്ള ജയരാജിന്റെ ആശ്വാസവാക്കുകളോടെയാണ് പാട്ട് അവസാനിക്കുന്നത്. പൂരം നിയന്ത്രണവിധേയമായതിൽ ഹൃദയവ്യഥ അനുഭവിക്കുന്നവർക്കെല്ലാം ആ വാക്കുകൾ ആശ്വാസമാകുന്നു എന്നാണ് ആസ്വാദകപക്ഷം.
വടക്കുംനാഥ ക്ഷേത്രവും തേക്കിൻകാട് മൈതാനവും ഇപ്പോൾ ശൂന്യമാണ്. മേളപ്പെരുമയും ആനച്ചന്തവുമില്ലാത്ത പൂരപ്പറമ്പ്. വെടിക്കെട്ടും കുടമാറ്റവും ഇലഞ്ഞിത്തറമേളവും ചെമ്പട മേളവും പകൽപ്പൂരവുമെല്ലാം ഇത്തവണ വാക്കുകളിൽ ഒതുങ്ങി. ഓരോ വർഷത്തെയും ഉപചാരംചൊല്ലി പിരിയലിനു ശേഷം അടുത്ത പൂരത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാകും പൂര പ്രേമികൾ. ഇത്തവണത്തെ കാത്തിരുപ്പിനു നിരാശയായിരുന്നു ഫലം. പൂരത്തിന്റെ പഴയ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ആസ്വദിക്കുകയാണ് പൂരപ്രേമികൾ. ‘പുത്തിലഞ്ഞി പൂമണം’ എന്ന ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പൂരം ഒഴിവാക്കപ്പെട്ടതിന്റെ സങ്കടം പാട്ടിലൂടെ അവതരിപ്പിച്ച അനൂപ് ശങ്കറിനെയും സഘത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വന്നത്.