ADVERTISEMENT

ഇന്ന് മാതൃ ദിനം. അമ്മയുടെ സ്നേഹവും ലാളനയും അടയാളപ്പെടുത്തി തന്ന നിരവധി ഗാനങ്ങളുണ്ട് മലയാള ചലച്ചിത്ര ഗാനശാഖയിൽ. അതിൽ ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും മകൾ അല്ലെങ്കിൽ മകൻ അരികിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. മക്കൾക്ക്‌ വേണ്ടി പാടാൻ കൊതിക്കുന്ന ചില പാട്ടുകൾ നമ്മുടെ മനസിനെ തരളിതമാക്കി ഒഴുകി പരക്കും. മാതൃ ദിനത്തിൽ പ്രിയപ്പെട്ട അമ്മപാട്ടുകളെ കുറിച്ച് മലയാളത്തിലെ യുവഗായകർ മനോരമ ഓൺലൈനിനോടു മനസ് തുറക്കുന്നു.

 

എന്നെ ഉറക്കാൻ അമ്മ പാടിയ പാട്ട് ഞാൻ അവനു വേണ്ടി പാടുന്നു– രാജലക്ഷ്മി

 

‘വിഷുക്കണി’ എന്ന ചിത്രത്തിൽ ജാനകിയമ്മ പാടി അനശ്വരമാക്കിയ ‘മലർ കൊടി പോലെ’ എന്ന ഗാനമാണ് അമ്മപ്പാട്ടുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. ഈ ഗാനം പാടിയാണ് എന്റെ കുട്ടിക്കാലത്തു എന്റെ അമ്മ എന്നെ ഉറക്കിയിരുന്നത്. അത്ര ചെറുപ്പം മുതലേ ഞാൻ ഈ പാട്ട് കേൾക്കുന്നു. അമ്മ എപ്പോഴും പാട്ട് പാടിയാണ് എന്നെ ഉറക്കിയിരുന്നത്. അമ്മയിൽ നിന്നും കേട്ടാണ് ഞാൻ യഥാർത്ഥത്തിൽ ഇത്രയധികം പാട്ടുകൾ മനഃപാഠമാക്കിയത്. കൂടുതലും കേട്ടത് ‘മലർ കൊടി പോലെ’ എന്ന ഗാനമായതിനാൽ അതു കൊണ്ടു തന്നെ അതിനോട് ഒരു പ്രത്യേക അടുപ്പം എനിക്കുണ്ട്. പിന്നീട് സ്റ്റേജ് പരിപാടികളിൽ പാടാൻ തുടങ്ങിയപ്പോഴും അമ്മ എന്നെ ആ പാട്ട് പഠിപ്പിച്ചിരുന്നു. ഞാൻ ആ ഗാനം വേദികളിൽ പലതവണ പാടിയിട്ടുണ്ട്. ഇപ്പോഴും പാടാറുണ്ട്. 

 

എനിക്കു കുഞ്ഞുണ്ടായപ്പോൾ അവനെ എപ്പോഴും പാട്ട് പാടിയാണ് ഉറക്കിയിരുന്നത്. കൂടുതലും പാടിക്കൊടുത്തത് ഈ ഗാനമായിരുന്നു. വളർന്നപ്പോഴും അവൻ ആ പാട്ട് എനിക്ക് ആ പാട്ടിനോടുള്ള അതേ  അടുപ്പം ഇപ്പോൾ ആര്യനും അതിനോടുണ്ട്. ഇടയ്ക്കിടയ്ക്ക് എന്നോടു ആ പാട്ടു പാടി തരാമോ എന്നു ചോദിക്കാറുണ്ട്. അങ്ങനെ ഇപ്പോൾ മലർ കൊടി പോലെ എന്ന ഈ ഗാനം ഇപ്പോൾ തലമുറകൾ കൈ മാറി വരികയാണ്. ആ പാട്ടിനു ഒരു പ്രത്യേക ഫീൽ ആണ്. പാട്ടിന്റെ അനുപല്ലവിയിൽ ‘കാലമറിയാതെ ഞാൻ അമ്മയായി’ എന്നിങ്ങനെ വരികളുണ്ട് അത് ഏറെ ഹൃദയ സ്പർശിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വിദേശത്തു വച്ചു നടന്ന സംഗീത പരിപാടിയിൽ ഞാൻ ഈ ഗാനം പാടിയിരുന്നു.

 

അമ്മ പാട്ടുകളോട് പ്രത്യേകിച്ച് താരാട്ടു പാട്ടുകളോട് എനിക്ക് ഏറെ പ്രിയമാണ്. പല തരത്തിലുള്ള താരാട്ടു പാട്ടുകൾ ഉണ്ട്. താരാട്ടു പാട്ടുകൾക്ക് വളരെ വലിയ ഫീൽ ആണ്. പ്രത്യേകിച്ച് മലയാളത്തിലെ താരാട്ടുകൾക്ക്. അവ കേട്ട് പാട്ടിന്റെ അവസാനം എത്തുമ്പോഴേക്കും നാം അറിയാതെ ഉറങ്ങി പോകും. അത്രത്തോളം ഹൃദയസ്പർശിയാണ് അവ ഓരോന്നും. കണ്ണും പൂട്ടിയുറങ്ങുക നീയെൻ, പാട്ടുപാടി ഉറക്കാം, ഉണ്ണിയാരാരിരോ എന്നിങ്ങനെ എനിക്കു പ്രിയപ്പെട്ട ഒരുപാട് അമ്മപ്പാട്ടുകൾ ഉണ്ട്. 

 

 

ആ പാട്ട് കേൾക്കുമ്പോൾ അവൻ കുസൃതിയോടെ നോക്കി ചിരിക്കുമായിരുന്നു– ജ്യോത്സ്ന

 

‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനമാണ് മോനു വേണ്ടി പാടിക്കൊടുക്കാൻ ഏറ്റവും ഇഷ്ടം. ആ പാട്ടിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടമാണ്. എന്റെ മോന് മൂന്നു നാലു മാസം മാത്രം പ്രായമുള്ളപ്പോൾ അവൻ വല്ലാതെ വാശി പിടിച്ചു കരയുമായിരുന്നു. ആ സമയത്തൊക്കെ ഈ പാട്ട് ഞാൻ പാടി കൊടുക്കുമായിരുന്നു. അതു കേൾക്കുമ്പോൾ അവൻ പെട്ടെന്ന് കരച്ചിൽ നിർത്തി എന്റെ മുഖത്തേയ്ക്കു തന്നെ നോക്കിക്കിടക്കുമായിരുന്നു. അതുകൊണ്ട് ആ പാട്ടിനു എന്തോ ഒരു പ്രത്യേകതയുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. മോന് ഒരു വയസ് ആകുന്ന വരെ ഞാൻ ഇടക്കിടക്ക് ഈ പാട്ട് പാടുമായിരുന്നു. അവനു അതു കേൾക്കാൻ ഭയങ്കര ഇഷ്ട്ടമായിരുന്നു. ഇപ്പോൾ അവനു നാലര വയസാണ്. ഓടി പാഞ്ഞു നടക്കുന്ന പ്രായമല്ലേ.അതുകൊണ്ടു തന്നെ പാട്ട് കേട്ടിരിക്കാനുള്ള ക്ഷമയൊന്നും അവനിപ്പോൾ ഇല്ല.

 

അമ്മപ്പാട്ടുകൾ പ്രത്യേകിച്ച് താരാട്ടു പാട്ടുകൾ കേൾക്കുമ്പോഴും പാടുമ്പോഴുമൊക്കെ ഒരു പ്രത്യേക ഫീൽ ആണ്. അത് മനസ്സിൽ വല്ലാത്തൊരു അനുഭൂതി സൃഷ്ടിക്കും. കാരണം അമ്മ എന്നു പറയുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്നേഹവായ്പ് അല്ലെ. അമ്മയോട് പിണക്കവും പരിഭവവും ഒക്കെ ഉണ്ടെങ്കിലും നമുക്ക് എന്തെങ്കിലും സങ്കടം ഉണ്ടായാൽ കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഒരേയൊരാൾ അമ്മയാണ്. അമ്മക്ക് കുഞ്ഞിനോടുള്ളത് ഏറ്റവും പരിശുദ്ധമായ സ്നേഹമാണ്. അപ്പോൾ അങ്ങനൊരു വികാരമുള്ള പാട്ടുകൾ പാടുക എന്നത് പാടുന്നയാൾക്കും വളരെ സുഖമുള്ള കാര്യമാണ്. 

 

എനിക്ക് കേൾക്കാനും പാടാനും ഇഷ്ട്ടമുള്ള ഒരുപാട് അമ്മ പാട്ടുകൾ ഉണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ ഒരുപാട് നല്ല ഗാനങ്ങളുണ്ട്. ഇഷ്ട്ടമുള്ള പാട്ടുകളുടെ പട്ടിക പരിശോധിച്ചാൽ അതിൽ തീർച്ചയായും ഒന്നോ രണ്ടോ താരാട്ടു പാട്ടുകൾ ഉണ്ടാകുമെന്നത് തീർച്ചയാണ്.

 

 

എന്റെ പുനർജന്മമാണ് മകൻ, അവനു വേണ്ടി ഒരുപാട് പാടണം– സംഗീത ശ്രീകാന്ത്

 

‘വെണ്ണിലാവോ ചന്ദനമോ’ എന്ന ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മകനു വേണ്ടി അതാണ് പാടാൻ ഏറെയിഷ്ട്ടം. ഈ പാട്ട് ഞാൻ പല തവണ അവനു വേണ്ടി  പാടിയിട്ടുണ്ട്. മോൻ കുഞ്ഞായിരുന്ന സമയം മുതൽ പാട്ട് കേട്ടാണ് വളർന്നത്. ചില പാട്ടുകൾ കേൾക്കുന്ന സമയത്ത് അവൻ വല്ലാതെ സന്തോഷിച്ചു ചിരിക്കുമായിരുന്നു. ഈ പാട്ട് അവന് ഒരുപാട് ഇഷ്ടമാണ്. സ്റ്റേജ് ഷോകളിൽ ഒക്കെ പാടാൻ വേണ്ടി ഈ പാട്ട് പഠിക്കുന്ന സമയത്ത് അവൻ അതു കേട്ട് ഒരുപാട് ആസ്വദിക്കുമായിരുന്നു. 

 

അമ്മ പാട്ടുകൾ വളരെ സ്പെഷ്യൽ ആണ്. അവയിൽ പലതും കേൾക്കുമ്പോൾ കണ്ണ് നിറയും. അതൊക്കെ ഉള്ളിലെ സന്തോഷം കൊണ്ടാണ്. ഹൃദയ സ്പർശിയായ ഒരുപാട് അമ്മപ്പാട്ടുകൾ ഉണ്ട്. അവയെ തരം തിരിക്കുക എന്നത് ശ്രമകരമാണ്. താമരക്കണ്ണനുറങ്ങേണം, ഉണ്ണിയാരാരിരോ എന്നിങ്ങനെ ഒരുപാട് അതിമനോഹര ഗാനങ്ങൾ ഉണ്ട്. അമ്മയാവുക എന്നത് വളരെ പവിത്രവും മനോഹരവുമായ കാര്യമാണ്. യഥാർഥത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ തന്നെ പുനർജന്മമാണ്‌ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ ഓരോരുത്തരും മരിച്ചതിനു ശേഷം വീണ്ടും ജനിക്കും എന്നുള്ള വിശ്വാസമൊന്നും എനിക്കില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ നാം നമ്മുടെ മറ്റൊരു ജന്മത്തെ നേരിൽ കാണുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com