ADVERTISEMENT

മലയാളത്തിനു പ്രിയപ്പെട്ട സംഗീതകുടുംബമാണ് ഗായിക സുജാത മോഹന്റേത്. അമ്മയുടെ വഴിയെ മകൾ ശ്വേതയും പാട്ടു തിരഞ്ഞെടുത്തപ്പോൾ ആരാധകർക്ക് അതിൽ അദ്ഭുതമുണ്ടായിരുന്നില്ല. പാട്ടുകാരിയുടെ മകൾ പാട്ടുകാരി ആവുന്നത് സ്വാഭാവികമല്ലേ! എന്നാൽ, ആ തിരഞ്ഞെടുപ്പ് അത്ര ലളിതമായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഗായിക ശ്വേത. പാട്ടു പാടണമെന്നു പറഞ്ഞപ്പോൾ സുജാത ആദ്യം എതിർത്തു. അതിന്റെ കാരണം അമ്മ സുജാതയോടു തന്നെ ചോദിക്കുകയാണ് ശ്വേത. മാതൃദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസിനു വേണ്ടി സുജാതയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഇതുവരെ അമ്മയോടു ചോദിക്കാത്ത ആ കാര്യം ശ്വേത ചോദിച്ചത്. 

 

ശ്വേതയെ ഗർഭിണിയായിരുന്ന സമയത്തു തന്നെ കുഞ്ഞിനു സംഗീതം ലഭിക്കാൻ വേണ്ടി എപ്പോഴും പാട്ടുകൾ പാടുകയും കൃത്യമായി പാട്ട് പരിശീലനം നടത്തുകയും ചെയ്തിരുന്നുവെന്ന് സുജാത തുറന്നു പറഞ്ഞു. അപ്പോഴാണ് താൻ ഇതുവരെ അമ്മയോടു ചോദിക്കാത്ത ഒരു കാര്യം ഈ അവസരത്തിൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കി ശ്വേത സുജാതയോട് അക്കാര്യം ചോദിച്ചത്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് സുജാത മറുപടി പറയാൻ ആരംഭിച്ചത്.

 

‘മകളിൽ സംഗീതം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. കാരണം സംഗീതമെന്നത് എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്ന ഒരു കാര്യമാണ്. അതിപ്പോൾ പ്രായമായാലും സംഗീതത്തോടൊരു അടുപ്പമുണ്ടെങ്കിൽ അത് എപ്പോഴും കൂടെ തന്നെയുണ്ടാകും. സംഗീതത്തിൽ ശ്വേതയ്ക്ക് അറിവുണ്ടാകണമെന്ന് ആഗ്രഹിച്ചു. പക്ഷേ, പാടാൻ ഈ രംഗത്തേയ്ക്കു വരുന്നതിനോട് താത്പര്യം ഇല്ലായിരുന്നു. കാരണം, മകൾ കഷ്ടപ്പെടരുത്, പ്രയാസങ്ങൾ അനുഭവിക്കരുത് എന്ന ഒരു ചിന്തയായിരുന്നു മനസിൽ. എല്ലാ മാതാപിതാക്കളെയും പോലയാണ് ഞാനും അത് ചിന്തിച്ചത്. അതുകൊണ്ടാണ് അന്ന് ശ്വേത പാട്ടു പാടാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എതിർത്തത്’.– സുജാത പറഞ്ഞു. ശ്വേതയൊക്കെ പാടി തുടങ്ങുന്ന സമയമായപ്പോഴേക്കും സംഗീത ലോകം വളരെയധികം മത്സരങ്ങൾ നിറഞ്ഞതായിരുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു. 

 

ഇരുവരും ഒരുമിച്ച് രസകരമായ പല വിശേഷങ്ങളും പ്രേക്ഷകരോടു പങ്കുവച്ചു. പന്ത്രണ്ടാം വയസിലാണ് സുജാത ആദ്യമായി പിന്നണി പാടുന്നത്.1975–ൽ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിൽ അർജുനൻ മാസ്റ്ററിന്റെ സംഗീതത്തിൽ ‘കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ....’ എന്ന ഗാനമായിരുന്നു അത്. അന്ന് പാട്ട് അസിസ്റ്റ് ചെയ്തത് എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖർ ആയിരുന്നുവെന്ന് ഗായിക കൃത്യമായി ഓർത്തെടുത്തു. അന്നത്തെ ഓർമകളൊന്നും മറക്കാനാകില്ല. സംഗീതജീവിതത്തിൽ നാൽപത്തിയഞ്ചുവർഷം പിന്നിട്ടു എന്നത് വിശ്വസിക്കാനാകുന്നില്ല. കണ്ണടച്ചു തുറന്നതു പോലെ വേഗത്തിലാണ് ഇത്രയും വർഷങ്ങൾ കടന്നു പോയതെന്നും ഗായിക കൂട്ടിച്ചേർത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com