സ്റ്റീഫൻ ദേവസിയുടെ വേഗവിരലുകൾക്കൊപ്പം സ്വരങ്ങൾ പാടി മധു ബാലകൃഷ്ണനും ഹരിതയും
Mail This Article
ലോക്ഡൗൺ വിരസതയകറ്റാൻ മാജിക്കൽ സംഗീതവുമായി കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും ഗായകരായ മധു ബാലകൃഷ്ണനും ഹരിത ബാലകൃഷ്ണനും. സ്വരങ്ങളാൽ ശരമെയ്താണ് മൂവരും മാന്ത്രിക സംഗീതം ആസ്വാദകർക്കായി സമർപ്പിച്ചത്. കർണാട്ടിക് മ്യൂസിക്കും ഡബ്സ്റ്റെപ്പും സമന്വയിപ്പിച്ചാണ് വിഡിയോ ഒരുക്കിയത്. ഇലക്ട്രോണിക് സംഗീതത്തിലെ ഒരു വിഭാഗമാണ് ഡബ്സ്റ്റെപ്. 1990–ൽ സൗത്ത് ലണ്ടനിലാണ് ഈ സംഗീതരൂപം ആവിർഭവിച്ചത്.
സ്റ്റീഫൻ ദേവസ്സിയുടെ മാന്ത്രികവിരലുകളുടെ അതിവേഗ താളത്തിനൊപ്പം മധു ബാലകൃഷ്ണനും ഹരിതയും മത്സരിച്ചു പാടുകയാണ്. ഇത്തരം പാട്ടുകൾ ഗായകർക്കു ബുദ്ധിമുട്ടേറിയതാണെന്നും ആസ്വാദകര്‍ക്ക് പുതുമ പകരുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്തമാർന്ന വിധത്തിൽ വിഡിയോ ഒരുക്കിയതെന്നും സ്റ്റീഫൻ ദേവസി മനോരമ ഓൺലൈനിനോടു പറഞ്ഞു.
സ്റ്റീഫന്റെ മാന്ത്രിക താളത്തിനൊപ്പം പാടുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും രണ്ടാഴ്ചയോളം പാടി പഠിച്ചതിനു ശേഷമാണ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതെന്നും ഹരിത പറഞ്ഞു. നാലു മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ സ്റ്റീഫൻ ദേവസ്സിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.
ലോക്ഡൗണിൽ വിസ്മയാവഹമായ ആവിഷ്കാരത്തിലൂെട ആരാധകരെ പാട്ടിലാക്കിയിരിക്കുകയാണ് സ്റ്റീഫനും സംഘവും. ഹൃദയങ്ങളിലേക്ക് സ്വരങ്ങൾ നിലയ്ക്കാതെ പെയ്യുന്ന പാട്ടനുഭവമാണ് വിഡിയോ ആസ്വാദകർക്കു സമ്മാനിക്കുന്നത്. താളത്തിനൊപ്പം അതിവേഗത്തിലുള്ള ആലാപനമാണ് പാട്ടിന്റെ പ്രത്യേകത. കർണാട്ടിക് സംഗീതവും ഇലക്ട്രോണിക് സംഗീതവും സമന്വയിപ്പിച്ചുള്ള സൃഷ്ടിയാണിത്. രണ്ടു രാഗങ്ങൾ ഒരുമിച്ചു ചേർത്താണ് പാട്ടൊരുക്കിയത്.
മണിക്കൂറുകൾക്കകം ഈ മാന്ത്രിക സംഗീതവിഡിയോ ആരാധകർ ഏറ്റെടുത്തു. മധു ബാലകൃഷ്ണന്റെയും ഹരിതയുടെയും അസാമാന്യമായ ആലാപനവും സ്റ്റീഫന്‍ ദേവസ്സിയുടെ വേഗവിരൽ താളവും പാട്ടിനെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.