'വസുധൈവ കുടുംബകം', ഇത് മാസ്റ്റേഴ്സിന്റെ സിംഫണി; അഭിനന്ദിച്ച് പ്രധാനമന്ത്രി
Mail This Article
രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആദരമായി സംഗീത സമർപ്പണവുമായി പ്രശസ്ത വയലിനിസ്റ്റ് ഡോ.എൽ സുബ്രഹ്മണ്യം. ലണ്ടൻ സിംഫണി ഓർക്കസ്ട്രയ്ക്കൊപ്പം ചേർന്നൊരുക്കിയ ഗാനാര്‍ച്ചനയിൽ സംഗീതരംഗത്തെ മഹാരഥന്മാർ പങ്കുചേർന്നു. ‘ഭരത് സിംഫണി–വസുധൈവകുടുംബകം’ എന്ന പേരിൽ പുറത്തിറക്കിയ ഗാനാർച്ചന രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ള ആദരമായി സമർപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യം സമൂഹമാധ്യമത്തിൽ കുറിച്ചു.
സംഗീതലോകത്തിൽ പകരക്കാരില്ലാത്ത അതുല്യ പ്രതിഭകളായ ഡോ. കെ.ജെ.യേശുദാസ്, പണ്ഡിറ്റ് ജസ്‌രാജ്, എസ്.പി.ബാലസുബ്രഹ്മണ്യം, ബീഗം പർവീൺ സുൽത്താന, അനുപ് ജലോട്ട, ഹരിഹരൻ, ഉഷ ഉതുപ്പ്, കവിത കൃഷ്ണമൂർത്തി സുബ്രഹ്മണ്യം എന്നിവർക്കൊപ്പം യുവതലമുറയിലെ ഗായകരും ആലാപനത്തിൽ പങ്കുചേര്‍ന്നിട്ടുണ്ട്. ഹേമമാലിനിയും കഥക് കലാകാരൻ ബിർജു മഹാരാജും വിഡിയോയുടെ ഭാഗമായി.
സംഗീതരംഗത്തെ മഹാപ്രതിഭകൾ ഒരുമിച്ചു ചേർന്നൊരുക്കിയ സംഗീത വിഡിയോ ആസ്വാദകർക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. കോവിഡ് ഭീതി തുടരുമ്പോഴും സംഗീതത്തിലൂടെ ആശ്വാസവും പ്രതീക്ഷയും പകർന്ന് ലോകത്തെയൊന്നായി ചേർത്തു നിർത്തുകയാണ് ഈ ഗാനാർച്ചന. ഗാനാവിഷ്കാരത്തിൽ ഡോ.എൽ.സുബ്രഹമണ്യത്തിന്റെ അസാമാന്യമായ വയലിൻ വായന കോൾമയിർ കൊള്ളിക്കുന്നു എന്നാണ് ആസ്വാദകപക്ഷം.
വിശ്വസാഹോദര്യ സന്ദേശം പകരുന്ന വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് റിലീസ് ചെയ്തതിനു പിന്നാലെ ഡോ.എൽ.സുബ്രഹ്മണ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ‘അത്യുജ്വലമായ ആവിഷ്കാരമാണിതെന്നും വസുധൈകുടുംബകം എന്ന സന്ദേശം വളരെ മികച്ച രീതിയിൽ പകർന്നു നൽകാൻ സിംഫണിക്കു സാധിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു. വിഡിയോയുടെ ഭാഗമായ എല്ലാവരുടെയും പ്രയത്നത്തെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.