'ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും’; ഗോപിസുന്ദറിനെക്കുറിച്ച് ഉള്ളുതൊടും കുറിപ്പുമായി അഭയ ഹിരൺമയി
Mail This Article
സംഗീതസംവിധായകനും ജീവിത പങ്കാളിയുമായ ഗോപിസുന്ദറിനെക്കുറിച്ച് ഉള്ളുതൊടും കുറിപ്പു പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭൂമിയിൽ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ ശ്വാസത്തിലും താൻ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അഭയ കുറിച്ചു. ഗോപി സുന്ദർ പാട്ടു പാടുന്നതിന്റെ ഹ്രസ്വ വിഡിയോയും ഗായിക പോസ്റ്റു ചെയ്തിട്ടുണ്ട്.
അഭയ ഹിരൺമയിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:
‘ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യൻ. നിങ്ങൾ എനിക്ക് മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു, എന്നന്നേയ്ക്കുമായി സ്നേഹിക്കുന്നു. പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകൾ ഏട്ടാ’.
അഭയയുടെ വികാരനിർഭരമായ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിത്താര കൃഷ്ണകുമാർ, കാവ്യ അജിത്, ദിവ്യ മേനോൻ, സരയു, വീണ നായർ, അനുമോൾ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ ഗോപി സുന്ദറിനു ജന്മദിനാശംസകൾ നേർന്നു പ്രതികരണങ്ങൾ രേഖപ്പെടുത്തി.
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. വിമർശനങ്ങളെ അവഗണിച്ചാണ് ഇരുവരും അവരുടെ പ്രണയം പരസ്യമാക്കിയത്. ഗോപി സുന്ദറും അഭയ ഹിരൺമയിയും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.