ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു; കോവിഡെന്ന് റിപ്പോർട്ടുകൾ
Mail This Article
പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംഗീതസംവിധായകൻ സലിം മർച്ചന്റ് ആണ് വാജിദ് ഖാന്റെ വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. വാജിദിന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.
സഹോദരൻ സാജിദിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സംഗീത പ്രയാണം. സാജിദ്–വാജിദ് എന്നീ പേരിലാണ് ഇരട്ട സംഗീതസംവിധായകർ അറിയപ്പെടുന്നത്. ഇരുവരും ചേർന്ന് ബോളിവുഡിൽ സൃഷ്ടിച്ചത് നിരവധി ഹിറ്റുകളാണ്. സൽമാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയരായത്. 1998–ൽ പുറത്തിറങ്ങിയ "പ്യാർ കിയ തോ ഡർനാ ക്യാ" എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനു വേണ്ടിയാണ് ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്.
ലോക്ഡൗണിൽ സൽമാൻ ഖാൻ പുറത്തിറക്കിയ മ്യൂസിക് വിഡിയോകൾക്ക് ഈണം പകർന്നത് സാജിദ്–വാദിജ് സഹോദരന്മാരായിരുന്നു. റമസാൻ സ്പെഷലായി പുറത്തിറങ്ങിയ സൽമാന്റെ 'ഭായ് ഭായ്' എന്ന ഗാനമാണ് വാജിദ് ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗാനം. ഇപ്പോഴും യുട്യൂബ് ട്രെൻഡിങ്ങിലുള്ള ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വാജിദിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് ബോളിവുഡ്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.