തുടക്കവും ഒടുക്കവും സൽമാനൊപ്പം; വാജിദ് ഖാൻ ഓർമയാകുമ്പോൾ
Mail This Article
വേദിയിൽ പാടിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ഗായകൻ മരിച്ചു വീഴുമ്പോൾ തോന്നുന്ന നടുക്കമാണ് സംഗീതസംവിധായകൻ വാജിദ് ഖാന്റെ വേർപാടിൽ ബോളിവുഡ് അനുഭവിക്കുന്നത്. സാജിദ്–വാജിദ് ജോടികൾ സൽമാൻ ഖാനു വേണ്ടിയൊരുക്കിയ ഈദ് ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ നിന്ന് പോകുന്നതിനു മുൻപെ വാജിദ് ഖാന്റെ മരണവാർത്ത എത്തി. സാജിദിനൊപ്പം ഈണമിട്ടു പാടാൻ ഇനി വാജിദ് ഭായ് ഇല്ല.
ഈയടുത്ത കാലത്താണ് വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വാജിദ് ഖാൻ വിധേയനായത്. പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നതിനിടെ വീണ്ടും രോഗം മൂർച്ഛിച്ചു. കോവിഡ് 19 ആയിരുന്നു അപ്രതീക്ഷിത വില്ലനായി എത്തിയത്. വാജിദിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നതായി സഹോദരൻ സാജിദ് ഖാൻ അറിയിച്ചത് വേദനയോടെയാണ് സുഹൃത്തുക്കൾ കേട്ടത്.
പിതാവും പ്രശസ്ത തബലിസ്റ്റുമായിരുന്ന ഉസ്താദ് ഷരഫ് അലി ഖാനിൽ നിന്ന് പകർന്നു കിട്ടിയതാണ് വാജിദിന് സംഗീതം. സഹോദരൻ സാജിദ് ഖാന്റെ ഒപ്പമായിരുന്നു വാജിദിന്റെ സംഗീത യാത്ര. സൽമാൻ ഖാനുമായുള്ള പരിചയം ഇരുവരെയും സിനിമയിലെത്തിച്ചു. സിനിമയിൽ ഇരുവർക്കും മേൽവിലാസം ഉണ്ടാക്കിക്കൊടുത്തതു പോലും സൽമാൻ ഖാൻ ആയിരുന്നു.
സൽമാൻ ഖാനു വേണ്ടിയായിരുന്നു ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. 1998–ൽ പുറത്തിറങ്ങിയ "പ്യാർ കിയാ തോ ഡർനാ ക്യാ" എന്ന സൽമാൻ ചിത്രത്തിലൂടെയാണ് സാജിദ്–വാജിദ് സഹോദരന്മാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് സൽമാനൊപ്പം നിരവധി ചിത്രങ്ങൾ. തുംകോ നാ ഭൂൽ പായേംഗേ, തേരേ നാം, ഗർവ്, മുജേ ശാദി കരോഗി, പാർട്ണർ, ഹലോ, വാണ്ടഡ്, വീർ, ഡബാംങ്, നോ പ്രോബ്ലം, ഏക് താ ടൈഗർ എന്നിവ അവയിൽ ചിലതു മാത്രം.
ലോക്ഡൗൺ കാലത്ത് ആരാധകർക്കായി സൽമാൻ ഖാൻ പുറത്തിറക്കയി മ്യൂസിക് വിഡിയോകൾക്കു വേണ്ടിയും സാജിദ്–വാജിദ് സഹോദരന്മാർ ഈണമിട്ടു. സാജിദ്–വാജിദ് സഹോദരന്മാരും സൽമാനും തമ്മിൽ വളരെ അടുത്ത സൗഹൃദവും നിലനിന്നിരുന്നു. സൽമാൻ ഖാൻ തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് വാജിദ് പൊതു വേദികളിലും അഭിമുഖങ്ങളിലും പല തവണ ആവർത്തിച്ചിട്ടുണ്ട്. വാജിദിന്റെ വേർപാടിൽ സൽമാൻ ഖാൻ കുറിച്ച വാക്കുകളിലും അദ്ദേഹത്തോടുള്ള ഇഷ്ടം വായിച്ചെടുക്കാം. "വാജിദ് നിങ്ങളെ ഒരുപാട് മിസ് ചെയ്യും... നിങ്ങളുടെ കഴിവിനെയും... ഒരുപാടിഷ്ടം... സുന്ദരമായ നിങ്ങളുടെ ആത്മാവിനെ നിത്യശാന്തിയുണ്ടാകട്ടെ," സൽമാൻ ട്വിറ്ററിൽ കുറിച്ചു.
വാജിദിന്റെ കരിയറിന്റെ തുടക്കവും ഒടുക്കവും സൽമാനൊപ്പം തന്നെ ആയി എന്നത് അവരുടെ സൗഹൃദത്തിന് കാലം കാത്തുവച്ച സമ്മാനമായി. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ സന്ദേശവുമായി സൽമാൻ ഖാനൊപ്പം ഒരുക്കിയ ‘ഭായ് ഭായ്’ എന്ന ഗാനമാണ് വാജിദ് ഖാന്റെ അവസാന ഗാനം. റമസാനോടനുബന്ധിച്ചായിരുന്നു വിഡിയോ പുറത്തിറക്കിയത്. സൽമാൻ ഖാന്റെ പനവേലിലുള്ള ഫാം ഹൗസിലാണ് പാട്ട് ഷൂട്ട് ചെയ്തത്. മികച്ച പ്രതികരണം ലഭിച്ച പാട്ട് മൂന്ന് കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കുകയും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു. അവസാന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടിയതിന്റെ ചാരുതാർഥ്യത്തിൽ, ആദ്യാവസാനം വരെ സൽമാനൊപ്പം ആയിരുന്നതിന്റെ ആത്മസംതൃപ്തിയിൽ വാജിദ് ഖാൻ എന്ന പ്രതിഭയ്ക്കു മടങ്ങാം, ഈ ലോകത്തിൽ നിന്ന്.