'അപ്രതീക്ഷിതം, അവിശ്വസനീയം'; വാജിദ് ഖാന്റെ അകാല വേർപാടിൽ വേദനിച്ച് ബോളിവുഡ്
Mail This Article
സംഗീതസംവിധായകൻ വാജിദ് ഖാന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിൽ കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വൃക്ക സംബന്ധമായ ചികിത്സയിലിരിക്കെയാണ് 42–ാം വയസിൽ വാജിദ് വിടവാങ്ങിയത്. രോഗം മൂർഛിച്ചതിനെ തുടർന്ന് നാലു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. വാജിദിന്റെ അകാല വേർപാട് അവിശ്വസനീയം എന്നാണ് ബോളിവുഡിലെ പ്രമുഖർ പ്രതികരിച്ചത്.
മഹാ പ്രതിഭ കടന്നു പോകുന്നു– അമിതാഭ് ബച്ചൻ
‘വാജിദ് ഖാന്റെ വിയോഗം അവിശ്വസനീയം. എപ്പോഴും തിളങ്ങുന്ന പുഞ്ചിരി സമ്മാനിച്ച ആ പ്രതിഭ കടന്നു പോവുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാർഥനയും അനുശോചനും രേഖപ്പെടുത്തുന്നു. ശാന്തിയിൽ വിശ്രമിക്കുക’.
പുഞ്ചിരി മാഞ്ഞു– പ്രിയങ്ക ചോപ്ര
‘ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയാണിത്. വാജിദ് ഭായിയെക്കുറിച്ചോർക്കുമ്പോൾ അദ്ദേഹത്തിന്റെ ചിരിയാണ് ആദ്യം മനസിലേക്കെത്തുക. എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകും. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രിയ വാജിദ് ഭായ്, ശാന്തിയിൽ ലയിക്കുക. എന്റെ മനസിലും പ്രാർഥനയിലും എപ്പോഴും താങ്കളുണ്ടാകും’.
ആ സംഗീതം ജീവിക്കും– കരൺ ജോഹർ
‘വാജിദ് ഖാന്റെ വിയോഗത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. താങ്കളുടെ സംഗീതം എക്കാലവും നിലനിൽക്കും. ഈ വിയോഗം വളരെ നേരത്തെയായിപ്പോയി. കുടംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു’.
ഇത് ഹൃദയം തകർക്കുന്നു– വിശാൽ ദാദ്‌ലാനി
‘വാജിദ് ഖാന്റെ വിയോഗ വാർത്ത കേട്ട് എന്റെ ഹൃദയം തകർന്നു. സാജിദും വാജിദും എന്റെ ഉറ്റ സുഹൃത്തുക്കളാണ്. ആത്മാർഥ സുഹൃത്തുക്കൾ. അർധരാത്രിയിലും ഞങ്ങൾ സ്റ്റുഡിയോയിൽ വച്ച് കാണുകയും ഒരുമിച്ചു സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. വാജിദിന്റെ വേർപാടിനെക്കുറിച്ചു സംസാരിക്കാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല’.
വിയോഗ വാർത്തയിൽ സ്തംഭിച്ചു– സോന മോഹപത്ര
‘വേദനിപ്പിക്കുന്ന വാർത്ത. വാജിദ് ഇനിയില്ല. ഞാൻ ഒരു റിയാലിറ്റി ഷോയിൽ വാജിദിനൊപ്പം വിധിനിർണയത്തിനിരുന്നിട്ടുണ്ട്. അദ്ദേഹം വളരെ ദയയും സ്നേഹവും മഹാമനസ്‌കതയുള്ളയാളാണ്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം രോഗങ്ങളോടു മല്ലിടുകയായിരുന്നുവെന്ന് എനിക്കറിയാം. വിയോഗവാർത്ത കേട്ടപ്പോൾ സ്തംഭിച്ചു പോയി’.
പകർന്നു നൽകിയ സംഗീതത്തിനു നന്ദി– വരുൺ ധവാൻ
‘ഈ വിയോഗവാർത്ത എന്നിൽ ഞെട്ടൽ ഉളവാക്കി. അദ്ദഹം എന്നോടും എന്റെ കുടുംബത്തോടും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. എനിക്കു ചുറ്റുമുള്ള ആളുകളിൽ ഏറ്റവും മികച്ചയാളായിരുന്നു അദ്ദേഹം. പ്രിയ വാജിദ്, താങ്കളെ ഒരുപാട് മിസ് ചെയ്യും. താങ്കൾ നൽകിയ സംഗീതത്തിനു നന്ദി’.