‘അദ്ദേഹത്തിന്റെ പാട്ടിലെ നിശബ്ദതയ്ക്കു പോലും അർഥമുണ്ട്’; ഇളയരാജയെക്കുറിച്ച് ശരത്
Mail This Article
സംഗീത ഇതിഹാസം ഇളയരാജയ്ക്കു ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ ശരത്. ഇളയരാജയുടെ 77–ാം പിറന്നാളിനോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ഗാനോപഹാരത്തില്‍ പങ്കു ചേർന്ന ശരത്, ഇളയരാജയെക്കുറിച്ചും അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതത്തെക്കുറിച്ചും വാചാലനായി. ഇളയരാജയുടെ ഈണം ആസ്വദിക്കണമെങ്കിൽ അതിനു ഭാഗ്യവും ദൈവാനുഗ്രഹവും വേണം എന്നു വിശ്വസിക്കുന്ന ആളാണ് താൻ എന്നു ശരത് പറഞ്ഞു.
1982–ൽ പുറത്തിറങ്ങിയ ‘ഓളങ്ങൾ’ എന്ന ചിത്രത്തിൽ ഇളയരാജ ഈണം കൊരുത്ത് അനശ്വരമാക്കിയ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ചതിനു ശേഷമാണ് ശരത് സംഗീത ചക്രവർത്തിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നത്. ഒരു പാട്ടിനെ എങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയെടുക്കാം എന്നതിനെക്കുറിച്ച് ഇളയരാജ അമൂല്യമായ പാഠങ്ങള്‍ പകർന്നു നൽകിയെന്നു പറഞ്ഞ ശരത്, അദ്ദേഹത്തെ മഹാനായ ഗുരു എന്നാണ് വിശേഷിപ്പിച്ചത്. ഇനിയും അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്നുവെന്നും ശരത് കൂട്ടിച്ചേർത്തു.
ശരത്തിന്റെ വാക്കുകൾ:
‘മാന്ത്രിക സ്പർശമുള്ള ഒട്ടനവധി ഗാനങ്ങൾ നമുക്കു വേണ്ടി ഒരുക്കിയ സംഗീത ചക്രവർത്തി ഇളയരാജ സാറിന്റെ പിറന്നാൾ ആണിന്ന്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. രാജ സാറിന്റെ സംഗീതം കാതുകളിൽ എത്തണമെങ്കിൽ പോലും അതിനൊരു ദൈവാനുഗ്രഹവും ഭാഗ്യവും വേണം എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. എങ്ങനെയാണ് ഒരു പാട്ട് ചെയ്യേണ്ടതെന്നും അതിന്റെ ഓർക്കസ്ട്രേഷനും റീ റെക്കോർഡിങ്ങും ചെയ്യേണ്ടത് എങ്ങനെയെന്നുമൊക്കെ ഞങ്ങൾക്കു പാഠങ്ങൾ പകർന്നു നൽകിയ മഹാനായ ഗുരവാണ് ഇളയരാജ സർ. അദ്ദേഹത്തിന്റെ ഓരോ പാട്ടും പാഠപുസ്തകങ്ങളാണ്. സാറിന്റെ പാട്ടുകളിലെ നിശബ്ദതയ്ക്കു പോലും അർഥമുണ്ട്. അദ്ദേഹത്തിൽ നിന്നും ഇനിയും ഇത്തരം മഹത്തായ ഗാനങ്ങൾ കേൾക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട ഇളയരാജ സാറിന് ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’.
ഇളയരാജയുടെ പാട്ടുകളെ വർണിക്കാൻ പലപ്പോഴും പലർക്കും വാക്കുകൾ കിട്ടാറില്ല. കാരണം വാക്കുകളിൽ ഒതുക്കാൻ കഴിയാത്തത്ര മാന്ത്രികതയാണ് അതിലുള്ളത്. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിച്ച് ആസ്വാദന തലങ്ങളെ ആകർഷിക്കുന്നവയാണ് അവ. ദശാബ്ദങ്ങൾക്കു മുൻപേ ആരംഭിച്ച അദ്ദേഹത്തിന്റെ സംഗീത പ്രയാണത്തിലുടനീളം തേൻ ചോരും ഗാനങ്ങൾ അനവധി പിറന്നു. കമിതാക്കളുടെ ഉള്ളുലച്ച ഗാനങ്ങൾ, മാതൃത്വത്തിന്റെ മധുരം വിളമ്പിയ ഗാനങ്ങൾ, ആഘോഷത്തിന്റെ ലഹരി നിറച്ച ഗാനങ്ങൾ എന്നിങ്ങനെ എല്ലാത്തരത്തിലും അദ്ദേഹം ആസ്വാദകര്‍ക്ക് സംഗീതവിരുന്നൊരുക്കി. വിവരണങ്ങൾക്കപ്പുറത്തേയ്ക്ക് ശാന്തമായൊഴുകുന്ന പാലരുവിയായി ഇളയരാജയുടെ പാട്ടുകൾ സംഗീതപ്രേമികളുടെ അകത്തളങ്ങളിലേക്കു നിലയ്ക്കാതെ പ്രവഹിക്കുകയാണ്. ഇനിയും ഹിറ്റുകൾ പിറക്കട്ടെ. എല്ലാവിധ ശോഭയോടും കൂടി ഇസൈജ്ഞാനിയുടെ സംഗീതം സപര്യ തുടരട്ടെ.