ADVERTISEMENT

അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും എപ്പോഴും ആ പുഞ്ചിരിക്കുന്ന മുഖമാണ് മനസ്സിലുള്ളതെന്നും ശ്രേയ സമൂഹമാധ്യമത്തിൽ കുറിച്ചു. വാജിദിനെ ആദ്യമായി പരിചയപ്പെട്ടതു മുതലുള്ള ഓർമകൾ ഗായിക പങ്കുവച്ചിട്ടുണ്ട്.  

 

ശ്രേയയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

 

‘ഈ വിയോഗം എനിക്കു വിശ്വസിക്കാനാകുന്നില്ല. വാജിദ് ഭായ്, ഓരോ തവണ കണ്ണടയ്ക്കുമ്പോഴും ഞാൻ നിങ്ങളുടെ ചിരിക്കുന്ന മുഖമാണ് കാണുന്നത്. ഏതു സാഹചര്യങ്ങളെയും നിങ്ങൾ പോസിറ്റിവ് ആയാണ് കണ്ടിരുന്നത്. ചുറ്റുമുള്ളവർക്കു സ്നേഹവും സന്തോഷവും കരുത്തും പകർന്ന് നിങ്ങൾ കൂടെ നിന്നു. 

 

താരതമ്യേന ഞാൻ ബോളിവുഡിൽ പുതിയ ആളായിരുന്ന സമയത്താണ് നിങ്ങളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ, എനിക്ക് എന്റെ കുടംബത്തിലെ ഒരംഗത്തെപ്പോലെ നിങ്ങളോടു വലിയ അടുപ്പം തോന്നി. നിങ്ങളുടെ മനുഷ്യത്വപരമായ സമീപനങ്ങൾ, അർപ്പണബോധം, മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ആത്മാർഥത ഇവയെല്ലാം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി നിങ്ങൾ അനു​ഗ്രഹീതനായ സംഗീതസംവിധായകനാണ്. 

 

ഒരുപാട് മെലഡി ഗാനങ്ങൾ ചിട്ടപ്പെടുത്തിയെന്നും അതെല്ലാം റെക്കോര്‍ഡ് ചെയ്യണം എന്നും എത്രയോ തവണ നിങ്ങൾ എന്നോടു പറഞ്ഞിട്ടുണ്ട്. സംഗീതത്തിൽ ഒരിക്കലും നിലയ്ക്കാത്ത ശക്തിയാണ് നിങ്ങൾ. നിങ്ങൾ ഇപ്പോൾ എവിടെയാണെങ്കിലും അവിടെ സമാധാനത്തോടെയിരിക്കാനാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദു:ഖം താങ്ങാൻ കുംബാംഗങ്ങൾക്കു ശക്തി ലഭിക്കട്ടെ. ഈ വിടപറയൽ ഏറെ സങ്കടകരമാണ്. ശാന്തിയിൽ ലയിക്കുക വാജിദ് ഭായ്’.   

 

വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച പുലർച്ചെയാണ് വാജിദ് ഖാൻ അന്തരിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നാലു ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു അദ്ദേഹം. ബോളിവുഡിൽ നിരവധി ഹിറ്റുകൾ സൃഷ്ടിച്ച വാജിദ്, സൽമാൻഖാന്‍ ചിത്രങ്ങൾക്കു വേണ്ടിയാണ് കൂടുതൽ ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. 

 

വാജിദ് ഖാന്റെ അപ്രതീക്ഷിത വിയോഗം നടുക്കത്തോടെയാണ് ബോളിവുഡ് കേട്ടത്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ, വിശാൽ ദാദ്‌ലാനി തുടങ്ങി നിരവധി പ്രമുഖർ വാജിദ് ഖാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com