വാജിദ് ഖാൻ മരിച്ചത് കോവിഡ് ബാധിച്ചോ? നിർണായക വെളിപ്പെടുത്തലുമായി കുടുംബം
Mail This Article
സംഗീതസംവിധായകൻ വാജിദ് ഖാന്‍ മരിച്ചത് ഹൃദയാഘാതത്തെത്തുടർന്നാണെന്ന വെളിപ്പെടുത്തലുമായി കുടുംബം. വാജിദിന് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. വാജിദ് ഖാന്റെ സഹോദരനും സംഗീതസംവിധായകനുമായ സാജിദ് ഖാൻ വാജിദിന്റെ മരണത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. വാജിദിന്റെ മരണത്തെക്കുറിച്ച് അദ്ദേഹം ഔദ്യോഗികമായി പങ്കുവച്ച കുറിപ്പിൽ വാജിദിന് കോവിഡ് സ്ഥിരീകരിച്ചതായി സൂചിപ്പിച്ചിട്ടില്ല.
മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ജൂൺ ഒന്നിനാണ് വാജിദ് ഖാൻ അന്തരിച്ചത്. നാൽപത്തിയേഴാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ വർഷമാണ് വാജിദ് ഖാൻ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കുവിധേയനായത്. ആരോഗ്യവാനായി ജീവിതത്തിലേക്കു മടങ്ങിവരികയായിരുന്നു. എന്നാൽ കുറച്ചു കാലമായി അദ്ദേഹം തൊണ്ടയിലെ അണുബാധയ്ക്കു ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതത്തെത്തുടർന്നു മരണം സംഭവിച്ചതെന്നു സാജിദ് ഖാൻ പറഞ്ഞു.
വാജിദിനെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ കണ്ടു പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സാജിദ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു. സഹോദരന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനം നൊന്ത് സാജിദ് കഴിഞ്ഞ ദിവസം വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു.
സാജിദിനൊപ്പമായിരുന്നു വാജിദ് ഖാന്റെ സംഗീത പ്രയാണം. സാജിദ്–വാജിദ് എന്നീ പേരിലാണ് ഇരട്ട സംഗീതസംവിധായകർ അറിയപ്പെടുന്നത്. ഇരുവരും ചേർന്ന് ബോളിവുഡിൽ സൃഷ്ടിച്ചത് നിരവധി ഹിറ്റുകളാണ്. സൽമാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയരായത്. 1998–ൽ പുറത്തിറങ്ങിയ "പ്യാർ കിയ തോ ഡർനാ ക്യാ" എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനു വേണ്ടിയാണ് ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്.
വാജിദ് ഖാന്റെ മരണം ബോളിവുഡിൽ കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. സംഗീതസംവിധായകൻ സലിം മർച്ചന്റ് ആണ് വാജിദ് ഖാന്റെ വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ, വരുൺ ധവാൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.