ഉണ്ണി മേനോൻ വീണ്ടും പാടി; ഉള്ളു തഴുകി പ്രണയം വിതറി ‘യാത്രാമൊഴി’
Mail This Article
ആസ്വാദകഹൃദയങ്ങളെ തൊട്ട് ഉണ്ണി മേനോൻ ആലപിച്ച പ്രണയഗാനം. ‘യാത്രാമൊഴി’ എന്ന ഗാനമാണ് ഇപ്പോൾ സംഗീതപ്രേമികൾക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്. ജോയ് തമലം ആണ് പാട്ടിനു ഹൃദ്യമായ വരികളൊരുക്കിയത്. വിമൽജിത്ത്, ധനുഷ് എന്നീ യുവകലാകാരന്മാർ പാട്ടിന് ഈണം കൊരുത്തു.
‘കൺപാർത്തു നിന്നിതാ
കാതോർത്തിരുന്നിതാ
തുടരുന്ന യാത്രയിൽ
അകമാകെ മൂകമായ്....
അനുരാഗ സീമയിൽ
അകലുന്ന സൂര്യനിൽ
അലിയുന്നുവോ പകൽ
വിരഹാർദ്രമാം കടൽ...’
ആലാപനവും സംഗീതവും മനസിനെ പ്രണയാർദ്രമാക്കുന്നു എന്നാണ് പ്രേക്ഷകപ്രതികരണം. ചില പാട്ടുകൾ അങ്ങനെയാണ്. നാം അറിയാതെ തന്നെ മനസിനെ തഴുകും. അകത്തളങ്ങളിൽ പ്രണയത്തിന്റെ നാമ്പുകൾ മുളപ്പിക്കും. ആസ്വാദനത്തിന്റെ ലഹരി പകർന്ന് ആത്മാവിനെ ആഴത്തിൽ തൊട്ടുണർത്തി ഈണങ്ങൾ പെയ്യിക്കും. ചിലത് സ്വപ്നം കാണാൻ പഠിപ്പിക്കും. മറ്റു ചിലത് മനസിൽ പ്രണയം വിതറി അകന്നു പോകും.
അത്തരത്തിൽ മനം തൊടുന്ന പ്രണയ വശ്യതയും വിരഹത്തിന്റെ നൊമ്പരങ്ങളും തമ്മിലലിയിച്ചാണ് ‘യാത്രാമൊഴി’ ഒരുക്കിയത്. ടി.ആർ രതീഷ് ആണ് പാട്ടിന്റെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഉണ്ണി മേനോന്റെ ഉള്ളു തൊടും ആലാപനമാണ് പാട്ടിന്റെ മുഖ്യ സവിശേഷത. ഹരിദാസ് പാട്ടിന്റെ എഡിറ്റിങ്ങും വ്ലാഡിമർ ടോമിൻ, ഡോൺ എന്നിവർ ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നു.