‘അവർക്കു വേണമെങ്കിൽ മുംബൈയിലുള്ള ഗായികയെക്കൊണ്ടതു പാടിപ്പിക്കാമായിരുന്നു’; ലൂസിഫറിലെ പാട്ടനുഭവം പറഞ്ഞ് ജ്യോത്സ്ന
Mail This Article
ലൂസിഫറിലെ പാട്ട് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് ഗായിക ജ്യോത്സ്ന. ചിത്രത്തിൽ ഗായിക പാടിയ ‘റഫ്താരാ’ എന്ന ഹിന്ദി ഗാനം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് യുവതലമുറയെ ആകെ ഹരംകൊള്ളിച്ചു. ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടിട്ടും പ്രേക്ഷകരുടെ ആഘോഷ വേളകളിൽ ഈ പാട്ട് ഇന്നുമുണ്ട്. ലൂസിഫർ പോലുള്ള ഒരു ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായാണ് ജ്യോത്സ്ന കാണുന്നത്. മഴവിൽ മനോരമയുടെ സ്നേഹത്തോടെ വീട്ടിൽ നിന്ന് എന്ന പരിപാടിയിലാണ് ഗായിക പാട്ടനുഭവത്തെക്കുറിച്ചു മനസു തുറന്നത്.
‘ഈ അടുത്ത കാലത്തിറങ്ങിയ പാട്ടുകളിൽ എന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച പാട്ടാണ് ലൂസിഫറിലെ ‘റഫ്താര’. പാട്ട് റിലീസ് ചെയ്തതിനു ശേഷം പ്രേക്ഷക പ്രതികരണം എന്നെ അമ്പരപ്പിച്ചു. ആ ചിത്രത്തിൽ പാടാനുള്ള അവസരം ലഭിച്ചതിൽ ഞാൻ അതിന്റെ അണിയറ പ്രവർത്തകരോടു നന്ദി പറയുകയാണ്. പ്രത്യേകിച്ച് സംഗീതസംവിധായകൻ ദീപക്കേട്ടനോടും (ദീപക് ദേവ്) ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിജിയോടും (പൃഥ്വിരാജ്) മുരളി ചേട്ടനോടും(മുരളി ഗോപി). അവർക്കു വേണമെങ്കിൽ മുംബൈയിലുള്ള ഒരു ഗായികയെ തിരഞ്ഞെടുത്ത് ഈ പാട്ട് അവരെക്കൊണ്ടു പാടിപ്പിക്കാമായിരുന്നു. അതിനു യാതൊരു പ്രയാസവുമില്ലായിരുന്നു. പക്ഷേ ആ പാട്ടിന് എന്റെ ശബ്ദം മതിയെന്നു പറഞ്ഞ് എനിക്ക് ആത്മവിശ്വാസം നൽകി പാടാനുള്ള അവസരം അവർ നൽകി. അവരായിരുന്നു യഥാർഥത്തിൽ ഫൈനൽ വേർഡ്. ആ പാട്ട് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. മഴവിൽ മനോരമയിലെ ‘പാടാം നമുക്കു പാടാം’ പരിപാടിയുടെ വേദിയിൽ വന്നപ്പോഴും ഈ പാട്ട് ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിലും ഒരുപാട് സന്തോഷം തോന്നുന്നു’.
ഒദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ ഭർത്താവിനു മകനും അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയാണ് ജ്യോത്സ്ന. ഒഴിവു ദിവസങ്ങളാണെങ്കിലും മകന്റെ കൂടെ സമയം ചിലവിടുന്നതിനാൽ യാതൊരു വിരസതയും തോന്നുന്നില്ലെന്നു ഗായിക പറഞ്ഞു. ഈ ദിവസങ്ങളില്‍ തിരക്കിലാണെങ്കിലും പാട്ട് പരിശീലനത്തിനു ഗായിക പ്രത്യേക സമയം കണ്ടെത്തുന്നു. മുടങ്ങാതെ യോഗ ചെയ്യുന്നതിനാൽ വളരെയേറെ പോസിറ്റീവ് എനർജി ലഭിക്കുന്നുണ്ടെന്നും ജ്യോത്സ്ന പറയുന്നു.