‘നഷ്ടപ്പെട്ട എല്ലാ കൂടിച്ചേരലുകളുടെയും സന്തോഷം ഇപ്പോൾ തിരിച്ചുകിട്ടി’; വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് വിധു പ്രതാപ്
Mail This Article
അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകൾ നേർന്ന് യുവഗായകൻ വിധു പ്രതാപ്. മൂന്നാഴ്ചകൾക്കു മുൻപായിരുന്നു അച്ഛന്റെ പിറന്നാൾ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്ന് അത് ആഘോഷിക്കാൻ കുടുംബത്തിനു സാധിച്ചില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് വിധുവിന്റെ ബന്ധുവായ കുട്ടിയുടെയും ജന്മദിനമായിരുന്നു. അച്ഛൻ വിദേശത്തു നിന്നും എത്തി ക്വാറന്റീനിൽ കാഴിയുന്നതിനാൽ ഈ രണ്ട് ജന്മദിനങ്ങളും കുടുംബം ആഘോഷിച്ചില്ല.
കഴിഞ്ഞ ദിവസം വിധുവിന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു. അന്ന് എല്ലാവരും വീട്ടിൽ ഒത്തു ചേരുകയും മൂന്നു പേരുടെയും പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. നഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും സന്തോഷങ്ങളും കഴിഞ്ഞ ദിവസത്തെ കൂടിച്ചേരലിലൂടെ തിരിച്ചു കിട്ടിയെന്ന് മാതാപിതാക്കൾക്കു പിറന്നാൾ ആശംസകൾ നേർന്നു ഗായകൻ കുറിച്ചു. നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്. എല്ലാവർക്കും അതിനു സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.– മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്ത് വിധു കുറിച്ചു.
ലോക്ഡൗൺ തുടരുന്നതിനാൽ വീട്ടിൽ തന്നെ കഴിയുന്ന ഗായകൻ, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഭാര്യ ദീപ്തിക്കൊപ്പം ടിക്ടോക് വിഡിയോകൾ ചെയ്തും പാചകപ്പരീക്ഷണങ്ങൾ നടത്തിയും ഈ ഒഴിവു സമയം ചിലവഴിക്കുകയാണ് വിധു പ്രതാപ്. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനോടുള്ള സ്നേഹാദരമായി വിധു പുറത്തിറക്കിയ കവർ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മഴയിലാരോ’ എന്ന ആൽബത്തിൽ ബാലഭാസ്കർ സംഗീതം പകർന്നാലപിച്ച ‘നിൻ ജീവനിൽ...’ എന്ന സൂപ്പർഹിറ്റ് പാട്ടിനാണ് ഗായകൻ കവർ പതിപ്പൊരുക്കിയത്. ബാലഭാസ്കർ ചെയ്ത പാട്ടുകളിൽ തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണിതെന്നും ഈ ദിനങ്ങളിൽ ബാലഭാസ്കർ ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നും വിധു പ്രതാപ് മനോരമ ഓൺലൈനിനോടു മനസു തുറന്നു.