ADVERTISEMENT

ലോക്ഡൗണിനെ പാട്ടിലാക്കി പിന്നണി ഗായിക സൗമ്യ രാമകൃഷ്ണൻ. മലയാളത്തിലെ അവിസ്മരണീയ ഗാനങ്ങളിൽ മുൻനിരയിലുള്ള ‘കൈക്കുടന്ന നിറയെ തിരു മധുരം തരും’ എന്ന ഗാനമാണ് ഗായിക ആലപിച്ചത്. ലോക്ഡൗൺ കാലത്ത് വീട്ടിൽ വച്ചു തന്നെയാണ് പാട്ട് ചിത്രീകരിച്ചത്. പശ്ചാത്തല സംഗീതം ഉൾപ്പെടുത്താതെയും യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെയുമാണ് സൗമ്യ രാമകൃഷ്ണന്റെ ആലാപനം.

 

‘കൈക്കുടന്ന നിറയെ തിരുമധുരം തരും

കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്

ഇതളടർന്ന  വഴിയിലൂടെ വരുമോ വസന്തം 

കൈക്കുടന്ന നിറയെ തിരുമധുരം തരും....’

 

പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഗായികയുടെ ആലാപനത്തെ പ്രശംസിച്ചു നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ആലാപനം അതിമധുരം എന്നാണ് ആസ്വാദകപക്ഷം. മഹേഷ് ആണ് വിഡിയോയുടെ ചിത്രീകരണം നിർവഹിച്ചത്. ജാൻസൺ പോൾ എഡിറ്റ് ചെയ്തു.

 

സിബി മലയിൽ സംവിധാനം ചെയ്ത് 1993–ൽ പുറത്തിറങ്ങിയ ‘മായാമയൂരം’ എന്ന ചിത്രത്തിൽ കെ.ജെ.യേശുദാസും എസ്.ജാനകിയും ചേർന്നു പാടി അനശ്വരമാക്കിയ ഗാനമാണിത്. ഗിരീഷ് പുത്ത‍ഞ്ചേരിയുടെ വരികൾക്കു സംഗീതം നൽകിയത് രഘുകുമാർ ആണ്. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും പാട്ടിന് ഇന്നും അതേ സൗന്ദര്യമാണ്.

 

ചില പാട്ടുകൾ അങ്ങനെയാണ്. അവ കാലത്തിനിപ്പുറത്തേയ്ക്കും ഒഴുകിയിറങ്ങും. ആവർത്തിച്ചു കേട്ടാലും വിരസത തോന്നിക്കാത്ത എന്തോ മാന്ത്രികയുണ്ടായിരിക്കണം അതിന്. കൈക്കുടന്ന നിറയെ മധുര ഗാനങ്ങൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ പകരക്കാരില്ലാത്ത ഗായകർ ആലപിച്ചപ്പോൾ അത് അനശ്വരതയിലേക്കു വഴിമാറിയതായിരിക്കാം. സൗമ്യ രാമകൃഷ്ണന്റെ ആലാപനവും ഏറെ മികവു പുലർത്തി എന്നാണ് ആസ്വാദകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com